ദീപാവലിക്ക് പിന്നാലെ ഡൽഹിയിൽ വിഷപ്പുക; വായുനില ഗുരുതരാവസ്ഥയിൽ

delhi

ന്യൂഡൽഹി :ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ രാജ്യതലസ്ഥാനമായ ഡൽഹിയിൽ വായുമലിനീകരണം അതീവ ഗുരുതരമായി. തിങ്കളാഴ്ച രാവിലെ നഗരത്തിന്റെ വായുഗുണനിലവാര സൂചിക (AQI) 483 വരെ ഉയർന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. നഗരത്തിലെ 15 വായുനിരീക്ഷണ കേന്ദ്രങ്ങളിൽ മലിനീകരണ തോത് 400 കടന്നതോടെ ജനജീവിതം പ്രതിസന്ധിയിലായി.

പടക്കങ്ങളുടെ പുകയും വാഹനങ്ങളിൽനിന്നുള്ള പുകയും നിർമ്മാണ പ്രവർത്തനങ്ങളിലെ പൊടിയും അന്തരീക്ഷ മലിനീകരണം വർധിപ്പിച്ചതായാണ് വിലയിരുത്തൽ. നഗരത്തിലെ പല പ്രദേശങ്ങളിലും കനത്ത മൂടൽമഞ്ഞിന് സമാനമായ പുകപടലം രൂപപ്പെട്ടു. അക്ഷർധാം ക്ഷേത്രം ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങൾ പോലും ദൂരക്കാഴ്ചയിൽ മറഞ്ഞു. വാഹനയാത്രക്കാർക്ക് കാഴ്ചപരിധി കുറഞ്ഞതും വലിയ ബുദ്ധിമുട്ടുണ്ടാക്കി.

മലിനീകരണം നിയന്ത്രിക്കുന്നതിനായി ഡൽഹി-എൻ.സി.ആർ മേഖലയിൽ ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാനിന്റെ മൂന്നാംഘട്ട നിയന്ത്രണങ്ങൾ നിലവിലുണ്ട്. നിർമാണ പ്രവർത്തനങ്ങൾക്കും വാഹന ഗതാഗതത്തിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖമുള്ളവരും കുട്ടികളും മുതിർന്നവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Tags