പൗരത്വം ലഭിക്കുന്നതിന് മുൻപ് വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്തിയെന്ന പരാതി: സോണിയ ഗാന്ധിക്കെതിരായ ഹർജിയിൽ പൊലീസിനോട് റിപ്പോർട്ട് തേടി ഡൽഹി കോടതി

Delhi court seeks report from police on plea against Sonia Gandhi alleging inclusion of name in voter list before citizenship

ന്യൂഡൽഹി: ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് മൂന്ന് വർഷം മുൻപ് വോട്ടർപട്ടികയിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ പേര് ഉൾപ്പെടുത്തിയെന്ന പരാതിയിൽ ഡൽഹി പൊലീസിനോട് നടപടികൾ സംബന്ധിച്ച റിപ്പോർട്ട് (ആക്ഷൻ ടേക്കൺ റിപ്പോർട്ട്) തേടി ഡൽഹി റൗസ് അവന്യു കോടതി. അഡിഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വിനോദ് ജോഷിയാണ് ബുധനാഴ്ച പൊലീസിനോട് റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചത്. കേസ് ഇനി നവംബർ 28-ന് വീണ്ടും പരിഗണിക്കും.

1983-ൽ ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് മൂന്ന് വർഷം മുൻപ്, അതായത് 1980-ലെ വോട്ടർപട്ടികയിൽ സോണിയ ഗാന്ധിയുടെ പേര് ഉൾപ്പെടുത്തിയിരുന്നുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം. റൗസ് അവന്യു കോടതിയിലെ സെൻട്രൽ ഡൽഹി കോടതി ബാർ അസോസിയേഷൻ വൈസ് പ്രസിഡന്റായ അഭിഭാഷകൻ വികാസ് ത്രിപാഠിയാണ് ഈ പരാതി നൽകിയത്.

നേരത്തെ, സോണിയ ഗാന്ധിക്കെതിരായ ആരോപണങ്ങളിൽ അന്വേഷണം നടത്തണമെന്ന ആവശ്യം മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. എന്നാൽ, മജിസ്ട്രേറ്റ് കോടതിയുടെ ഈ ഉത്തരവിനെതിരെ പരാതിക്കാരൻ നൽകിയ പുനഃപരിശോധനാ ഹർജി പരിഗണിച്ച സെഷൻസ് കോടതി, അന്വേഷണം വേണ്ടെന്ന ഉത്തരവ് സെപ്റ്റംബറിൽ റദ്ദാക്കുകയായിരുന്നു. ഇതിനെത്തുടർന്നാണ് വിഷയം വീണ്ടും മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലെത്തിയതും പൊലീസിനോട് റിപ്പോർട്ട് തേടിയതും.

Tags