ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്തയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
ന്യൂഡൽഹി: ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്തയെ (74) താമസിക്കുന്ന വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച നോയിഡയിലെ വാടകവീട്ടിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒറ്റയ്ക്കാണ് ഇവിടെ താമസം. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മുറിയിൽ നിന്ന് പൊലീസ് ഇദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. മാനസിക-ശാരീരിക ബുദ്ധിമുട്ടുകളാണ് ഈ കടുത്ത തീരുമാനത്തിന് പിന്നിൽ എന്നാണ് കുറിപ്പിൽ വ്യക്തമാക്കുന്നത്.
ഭാര്യ മകനും മകളുമൊത്ത് അവരുടെ ഡെറാഡൂണിലെ വീട്ടിലാണ് താമസിക്കുന്നത്. ഞായറാഴ്ച ഭർത്താവിനെ ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നപ്പോൾ സമുച്ചയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥനോട് അന്വേഷിക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്നാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്. നടപടികൾ പൂർത്തിയാക്കി ഞായറാഴ്ച തന്നെ മൃതദേഹം സംസ്‌കരിച്ചു.
1975 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് രാകേഷ് മേത്ത. ഡൽഹി മുനിസിപ്പൽ കോർപറേഷൻ കമ്മിഷണർ ഉൾപ്പെടെ സുപ്രധാനമായ വിവിധ പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. 2007-ലാണ് ഡൽഹി ചീഫ് സെക്രട്ടറിയായി ചുമതലയേറ്റത്. തുടർന്ന് മൂന്ന് വർഷത്തിലധികം അദ്ദേഹം ഈ പദവിയിൽ സേവനമനുഷ്ഠിച്ചു. 2010-ൽ ചീഫ് സെക്രട്ടറിയായി പദവിയിലിരിക്കുമ്പോൾ ഡൽഹിയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിന്റെ പ്രധാന സംഘാടകരിലൊരാൾ കൂടിയായിരുന്നു രാകേഷ് മേത്ത.
.jpg)

