ഡൽഹി കാർ ബോംബ് സ്ഫോടനക്കേസ് : 7500 പേജുള്ള കുറ്റപത്രം സമർപ്പിച്ചു
ന്യൂഡൽഹി : കഴിഞ്ഞ വർഷം ഡൽഹി ചെങ്കോട്ട പരിസരത്തുണ്ടായ കാർ ബോംബ് സ്ഫോടനക്കേസിൽ അറസ്റ്റിലായ 10 പ്രതികൾക്കെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) 7500 പേജുള്ള കുറ്റപത്രം സമർപ്പിച്ചു.
കൊല്ലപ്പെട്ട മുഖ്യപ്രതി ഡോ. ഉമർ നബി ഉൾപ്പെടെയുള്ള 10 പേർക്കും അൽഖാഇദയുടെ പോഷക സംഘടനയായ അൻസാർ ഗസ്വത്തുൽ ഹിന്ദുമായി ബന്ധമുണ്ടെന്ന് ഡൽഹിയിലെ പട്യാല ഹൗസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.
തീവ്രവാദത്തിൽ ആകൃഷ്ടരായ പ്രതികൾ, ഇന്ത്യൻ സർക്കാറിനെ അട്ടിമറിച്ച് ശരീഅത്ത് ഭരണം നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ‘ഓപറേഷൻ ഹെവൻലി ഹിന്ദ്’ എന്ന പദ്ധതി ആവിഷ്കരിച്ചതായി എൻ.ഐ.എ കുറ്റപത്രത്തിൽ പറയുന്നു.
സ്ഫോടനത്തിനായി ട്രയാസെറ്റോൺ ട്രൈപെറോക്സൈഡ് എന്ന സ്ഫോടകവസ്തു ഇവർ സ്വയം നിർമിച്ചതാണ്. ഡി.എൻ.എ പരിശോധനയിലൂടെയാണ് കൊല്ലപ്പെട്ടത് ഡോ. ഉമർ നബിയാണെന്ന് തിരിച്ചറിഞ്ഞത്.
588 സാക്ഷിമൊഴികളും 395 രേഖകളും 200ലധികം തെളിവുകളും ആസ്പദമാക്കിയാണ് കുറ്റപത്രം തയാറാക്കിയത്.
2025 നവംബർ 10ന് ചെങ്കോട്ടക്ക് സമീപം കാറിൽ ഘടിപ്പിച്ച സ്ഫോടകവസ്തു പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 11 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
.jpg)

