ഡൽഹിയിൽ അർധരാത്രിയിൽ മുന്നറിയിപ്പില്ലാതെ മദീന മസ്ജിദും വീടുകളും പൊളിച്ചുനീക്കി

buldosarraj

 ന്യൂഡൽഹി: ഡൽഹി ഷാലിമാർ ബാഗിൽ അർധരാത്രിയിൽ ബുൾഡോസർരാജ്. മുന്നറിയിപ്പില്ലാതെ മദീന മസ്ജിദും വീടുകളും പൊളിച്ചുനീക്കി.
അനധികൃത കൈയേറ്റമാണെന്ന് ആരോപിച്ചാണ് മുസ്ലിം പള്ളിയുടെ ഒരുഭാഗം പൊളിച്ചുനീക്കിയത്. പ്രദേശ വാസികൾ സംഘടിച്ചെത്തിയതോടെ സംഘർഷാവസ്ഥ രൂപപ്പെട്ടു. മാക്‌സ് ഹോസ്പിറ്റൽ റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായാണ് അർധരാത്രി മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ റോഡരികിലെ കെട്ടിടങ്ങളും വീടുകളും പൊളിച്ചുനീക്കിയത്.

അനധികൃത കൈയേറ്റങ്ങളാണ് ഒഴിപ്പിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. റോഡരികിലെ മദീന മസ്ജിദിന്റെ ഒരുഭാഗവും ഇത്തരത്തിൽ പൊളിച്ചുനീക്കി. വിവരമറിഞ്ഞ എഐഎംഐഎം ഡൽഹി പ്രഡിസന്റ് ശുഐബ് ജമായിയും പ്രദേശവാസികളും ഷാലിമാർ ബാഗിലെത്തിയത് പ്രതിഷേധത്തിനിടയാക്കി. ഹൈകോടതി ഉത്തരവിനെ തുടർന്നാണ് അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിച്ചതെന്നാണ് ഡൽഹി കോർപറേഷൻ അധികൃതർ പറയുന്നത്. ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് മദീന മസ്ജിദ് ഇമാമിന് നോട്ടീസ് നൽകിയിരുന്നെന്നും 15 ദിവസം കഴിഞ്ഞിട്ടും ഒഴിയാൻ തയാറാകാതെ വന്നതോടെയാണ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ പൊളിച്ചുനീക്കിയതെന്ന് അധികൃതർ വ്യക്തമാക്കി.

അതേസമയം, ഒഴിപ്പിക്കലുമായി ബന്ധപ്പട്ട് മുൻകൂട്ടി നോട്ടീസ് നൽകിയിട്ടില്ലെന്നാണ് പള്ളി അധികൃതർ പറയുന്നത്. മെയിലും ജൂണിലും പ്രദേശത്ത് സമാനരീതിയിൽ 150 വീടുകൾ പൊളിച്ചുനീക്കിയത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. അർധ രാത്രിയുടെ മറവിൽ മസ്ജിദ് പൊളിച്ചുനീക്കിയത് ഭരണഘടനവിരുദ്ധമാണെന്ന് ശുഐബ് ജമായി പ്രതികരിച്ചു. ഉത്തർപ്രദേശിലെ സഹാറൻപൂരിൽ പള്ളി പൊളിച്ചതിനു സമാനമായാണ് പുലർച്ചെ മൂന്നു മണിക്ക് ഷാലിമാർ ബാഗിലും പള്ളി പൊളിച്ചത്. ഷാലിമാർ ബാഗിനെ രണ്ടാം സഹാറൻപൂർ ആക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പള്ളി ഇമാമിനെ കാണുന്നതിൽനിന്ന് പോലിസും ഭരണകൂടവും തങ്ങളെ തടഞ്ഞതായും പള്ളി പൊളിക്കുന്നത് മുൻകൂട്ടി അറിയിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.

മസ്ജിദിനുള്ളിലെ വസ്തുക്കൾ മാറ്റാനുള്ള സാവകാശം നൽകിയില്ല. പ്രദേശത്തേക്ക് ആളുകളെ കടത്തിവിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പള്ളികൾക്കും മദ്‌റസകൾക്കും എതിരെയുള്ള ബുൾഡോസർ നടപടികൾ ചർച്ച ചെയ്യാൻ ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് ഡൽഹിയിൽ ഇന്ന് യോഗം വിളിച്ചുചേർത്തിട്ടുണ്ട്. മൗലാന മഹ്‌മൂദ് മദനിയാണ് യോഗം വിളിച്ചത്.

Tags