വിഷപ്പുകയിൽ മുങ്ങി ഡൽഹി; നാല് കേന്ദ്രങ്ങളിൽ വായു ഗുണനിലവാര സൂചിക 500 കടന്നു
ന്യൂ ഡൽഹി: ഡൽഹിയിൽ തുടർച്ചയായ മൂന്നാം ദിവസവും വായു ഗുണനിലവാരം 'അതിഗുരുതര' വിഭാഗത്തിൽ . തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെ അശോക് വിഹാർ, ജഹാംഗിർപുരി, രോഹിണി, വസീർപുർ എന്നീ നാല് മോണിറ്ററിങ് സ്റ്റേഷനുകളിൽ വായു ഗുണനിലവാര സൂചിക 500 രേഖപ്പെടുത്തി. ഇത് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന നിലയാണ്.
തിങ്കളാഴ്ച രാവിലെ ആറുമണിയോടെ നഗരത്തിലെ മൊത്തത്തിലുള്ള വായു ഗുണനിലവാരസൂചിക 457 ആയിരുന്നു. നഗരത്തിന്റെ പല ഭാഗങ്ങളിലും കാഴ്ച പരിധി കുറയുന്നത് വാഹനാപകടങ്ങൾക്കും കാരണമാകുന്നുണ്ട്.
പുകമഞ്ഞ് കനത്തത് ഡൽഹിയിലേക്കുള്ള വിമാന സർവീസുകളെയും സാരമായി ബാധിച്ചിട്ടുണ്ട്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് നൽകുന്ന വിവരങ്ങൾ പ്രകാരം, ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിലെ കാഴ്ചാ പരിധി രാവിലെ ഏഴ് മണിയോടെ 50 മീറ്റർ വരെയായി കുറഞ്ഞിരുന്നു. വിമാനത്താവള അധികൃതരും എയർലൈനുകളും യാത്രക്കാർക്ക് ജാഗ്രതാനിർദേശങ്ങൾ നൽകിയിട്ടുണ്ട്.
ഞായറാഴ്ച ഡൽഹിയിലെ 38 മോണിറ്ററിങ് സ്റ്റേഷനുകളിൽ വായു ഗുണനിലവാരം 'അതിഗുരുതര' വിഭാഗത്തിലായിരുന്നു. ഞായറാഴ്ച വായു ഗുണനിലവാരം 450 കടന്നതോടെ സർക്കാർ ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ (ഗ്രാപ്) നാലാംഘട്ടം നടപ്പാക്കിയിരുന്നു.
.jpg)


