മാധ്യമപ്രവര്‍ത്തകയെ ഉപദ്രവിച്ചെന്ന പരാതി, ദില്ലി എസിപി വിവേക് ഭഗത്തിന്റെ പ്രൊമോഷന്‍ ഉത്തരവ് അടിയന്തരമായി മരവിപ്പിച്ചു

delhi police

ഇന്നലെ രാത്രി ഇറങ്ങിയ പ്രൊമോഷന്‍ ഉത്തരവാണ് അടിയന്തരമായി മരവിപ്പിച്ചത്.

ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള പ്രതിഷേധങ്ങള്‍ക്കിടെ ദില്ലിയിലെ മാധ്യമപ്രവര്‍ത്തകയെ ഉപദ്രവിച്ചെന്ന ആരോപണം നേരിടുന്ന എ സി പി വിവേക് ഭഗത്തിന്റെ പ്രൊമോഷന്‍ മരവിപ്പിച്ച് സര്‍ക്കാര്‍. ഇന്നലെ രാത്രി ഇറങ്ങിയ പ്രൊമോഷന്‍ ഉത്തരവാണ് അടിയന്തരമായി മരവിപ്പിച്ചത്. എ സി പിയായ വിവേക് ഭഗത്തിന് അഡീഷണല്‍ ഡി സി പി ആയി ചുമതല നല്‍കുന്ന ഉത്തരവിനെതിരെ വലിയ തോതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരവ് മരവിപ്പിക്കല്‍ ഉണ്ടായത്. അന്വേഷണം തീരും വരെ ഉത്തരവ് മരവിപ്പിക്കണമെന്ന് വിവേക് ഭഗത്ത് തന്നെ ആവശ്യപ്പെട്ടെന്നാണ് ദില്ലി ലെഫ്റ്റനന്റ് ഗവര്‍ണറുടെ വിശദീകരണം. 

മാധ്യമപ്രവര്‍ത്തകയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയില്‍ വിവേക് ഭഗത്തിനെതിരെ നടപടി ആവശ്യപ്പെട്ട് വിവിധ സംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും പ്രതിഷേധിച്ചിരുന്നു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയടക്കം വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. വനിത മാധ്യമപ്രവര്‍ത്തകരെ പോലീസ് അതിക്രൂരമായി വലിച്ചിഴച്ചെന്നും മോശമായി പെരുമാറിയെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ കേസെടുക്കുന്നില്ലെന്നും സാകേത് പോലീസ് സ്റ്റേഷനിലെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത് വിടണമെന്നും അദ്ദേഹം എക്‌സിലൂടെ ആവശ്യപ്പെട്ടിരുന്നു. അമിത് ഷായും ദില്ലി പോലീസും സ്ത്രീകളെ ഭയക്കുന്നതെന്തിനെന്നും രാഹുല്‍ ചോദിച്ചു.

Tags