പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ഡല്‍ഹി ; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആഴ്ചയില്‍ രണ്ടു ദിവസം വര്‍ക്ക് ഫ്രം ഹോം

computer work

ഔദ്യോഗിക മീറ്റിംഗുകളുടെ 50 ശതമാനവും ഓണ്‍ലൈനായി നടത്താനാണ് മറ്റൊരു തീരുമാനം

ഇന്ധനം ലാഭിക്കാനും വിദേശനാണ്യ ശേഖരം സംരക്ഷിക്കാനുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കാനൊരുങ്ങി ദില്ലി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസം വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തി. ദില്ലിയിലെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരും ആഴ്ചയില്‍ രണ്ട് ദിവസം വീട്ടിലിരുന്ന് ജോലി ചെയ്യണമെന്നാണ് മുഖ്യമന്ത്രി രേഖാ ഗുപ്ത നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഔദ്യോഗിക മീറ്റിംഗുകളുടെ 50 ശതമാനവും ഓണ്‍ലൈനായി നടത്താനാണ് മറ്റൊരു തീരുമാനം. ഒപ്പം ഗതാഗതക്കുരുക്കും ഇന്ധന ഉപഭോഗവും കുറയ്ക്കുന്നതിനായി ദില്ലി സര്‍ക്കാരും എംസിഡിയും ഓഫീസ് സമയങ്ങളില്‍ മാറ്റം വരുത്തുമെന്നുമാണ് പുതിയ നിര്‍ദേശം.

ജീവനക്കാരുടെ യാത്രാബത്ത 10 ശതമാനം വര്‍ധിപ്പിച്ചതിനൊപ്പം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പ്രതിമാസ പെട്രോള്‍ പരിധി 20 ശതമാനമായി കുറച്ചു. അടുത്ത ആറ് മാസത്തേക്ക് പുതിയ സര്‍ക്കാര്‍ വാഹനങ്ങള്‍ വാങ്ങരുതെന്നും നിര്‍ദേശിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി 29 കോളനികളില്‍ നിന്ന് 58 പ്രത്യേക ബസുകള്‍ സര്‍വീസ് നടത്തുമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. മന്ത്രിമാരോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ അടുത്ത ഒരുവര്‍ഷത്തേക്ക് വിദേശയാത്ര ചെയ്യരുതെന്നും നിര്‍ദ്ദേശമുണ്ട്. 90 ദിവസം നീണ്ടുനില്‍ക്കുന്ന ബോധവത്കരണ പരിപാടിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പം പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന് മെട്രോ ദിനം, ആഴ്ചയിലൊരിക്കല്‍ നോ കാര്‍ ദിനം എന്നിവ ആചരിക്കാനും നിര്‍ദേശം.

എല്ലാ തിങ്കളാഴ്ചയും മന്ത്രിമാരും ഉദ്യോഗസ്ഥരും ജീവനക്കാരും ജോലിയ്ക്ക് പോകാന്‍ മെട്രോയെ ആശ്രയിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ആഹ്വാനം. ഇന്ധനം ലാഭിക്കാനുള്ള നടപടികളുടെ ഭാഗമായി അകമ്പടി വാഹനങ്ങളുടെ എണ്ണം കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയും മന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ ബിജെപിയുടെ മുഖ്യമന്ത്രിമാരും കുറച്ചിരുന്നു. 

Tags