'ഉന്നാവോ'യിൽ വിചിത്രവാദവുമായി പ്രതിഭാഗം അഭിഭാഷകൻ
ന്യൂഡൽഹി: നിയമസഭാംഗം പൊതുപ്രവർത്തകനാണോ? അല്ലെന്നാണ് ഉന്നാവോ കേസിൽ പ്രതിയായ മുൻ എം.എൽ.എ കുൽദീപ് സിങ് സെൻഗാറിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വാദിച്ചത്. ഇതുകേട്ട് കോടതി ആശങ്ക പ്രകടിപ്പിക്കുകയും ചെയ്‌തു. പോക്സോ നിയമത്തിൽ പോലീസ് കോൺസ്റ്റബിൾ പൊതുപ്രവർത്തകന്റെ നിർവചനത്തിൽ വരുമെങ്കിലും, നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒരംഗം അതിൽ ഉൾപ്പെടാത്തതെന്തേ എന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്തും, ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരിയും, എ.ജി. മസീഹും അടങ്ങുന്ന ബെഞ്ചിന് ചോദിക്കേണ്ടിവരുകയും ചെയ്തു.
tRootC1469263">'പൊതു പ്രവർത്തകൻ്റെ നിർവചനത്തെച്ചൊല്ലി പിന്നെ കോടതി വലിയ വാദങ്ങൾക്ക് സാക്ഷ്യം വഹിക്കുകയും ചെയ്തു. പോക്സോ നിയമത്തിൽ പൊതുസേവകൻ എന്നതിന് നിർവചനമില്ലെന്നും, സന്ദർഭം അനുസരിച്ചാണ് അതു കണക്കാക്കേണ്ടതെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദത്തിനിടെ പറഞ്ഞു. പോക്സോ നിയമത്തിൽ, ഇരയാക്കപ്പെടുന്ന കുട്ടിയുടെ കാര്യത്തിൽ അധികാരവും സ്വാധീനശേഷിയുമുള്ള പദവി വഹിക്കുന്നയാളാണ് പൊതുസേവകൻ്റെ ഗണത്തിൽ വരുക, ആ പദവി ദുരുപയോഗം ചെയ്‌താൽ കർശന വ്യവസ്ഥകൾ ചുമത്താം.
ആ മേധാവിത്വവും പദവിയുടെ ദുരുപയോഗവുമാണ് ഉന്നാവോ കേസിൽ നടന്നതെന്നായിരുന്നു വാദം. കൃത്യം നടത്തുമ്പോൾ സെൻഗാർ ആ പ്രദേശത്തെ ശക്തനായ, സ്വാധീനശേഷിയുള്ള എം.എൽ.എ ആയിരുന്നു, 16 വയസ്സിൽ താഴെ മാത്രം പ്രായമുള്ള പെൺകുട്ടിയുടെ മേൽ അയാൾ സ്വാധീനശേഷിയും മേധാവിത്വവും ചെലുത്തിയെന്നും സോളിസിറ്റർ ജനറൽ ചൂണ്ടിക്കാട്ടി. അതിക്രമത്തിന് ഇരയായത് പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആയിരിക്കെ പൊതുപ്രവർത്തകൻ ആണോയെന്നത് പ്രസക്തമല്ലെന്ന പരാമർശവും ഉന്നയിക്കപ്പെട്ടു.
ബലാത്സംഗം ചെയ്‌തത് കുറ്റകൃത്യമാണ്, എന്നാൽ കുറ്റകൃത്യത്തിൻ്റെ തീവ്രത കൂട്ടുന്നത് അധികാര ദുർവിനിയോഗം പോലുള്ള സാഹചര്യങ്ങൾ അനുസരിച്ചാണ്. സോളിസിറ്ററിന്റെ വാദങ്ങളെ പ്രതിക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ സിദ്ധാർഥ് ദാവെയും എൻ. ഹരിഹരനും ഖണ്ഡിച്ചു. പോക്സോ നിയമത്തിൻ കീഴിൽ വരുന്ന തീവ്ര കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ എം.എൽ.എയെ പൊതുപ്രവർത്തകനായി കണക്കാക്കാൻ കഴിയില്ല. ഇന്ത്യൻ ശിക്ഷാ നിയമത്തിൽ എം.എൽ.എ പൊതുപ്രവർത്തകൻ്റെ പരിധിയിൽ വരില്ലെന്നാണ് അവർ വാദിച്ചത്.
നിയമസഭയിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ പൊതുപ്രവർത്തകരുടെ നിർവചനത്തിൽനിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നതിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ആശങ്ക പ്രകടിപ്പിച്ചു. ഇത്തരമൊരു കുറ്റകൃത്യത്തിന്റെ കാര്യത്തിൽ പൊലീസ് കോൺസ്റ്റബിൾ പോലും പൊതുപ്രവർത്തകൻ്റെ നിർവചനത്തിൽ വരുമ്പോൾ എം.എൽ.എ അത്തരമൊരു വ്യാഖ്യാനത്തിൽ വരാത്തതിൽ ആശങ്കയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
പൊതുപ്രവർത്തകൻ്റെ നിർവചനവും പോക്സോ നിയമത്തിനു കീഴിൽ അതിൻ്റെ പ്രസക്തിയും സംബന്ധിച്ച് നിശ്ചയദാർഢ്യത്തോടെയുള്ള സമീപനം ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു.
.jpg)


