മഴക്കെടുതി രൂക്ഷം: യുപിയില്‍ മഴയെ തുടര്‍ന്ന് മരണസംഖ്യ 15 ആയി

Heat wave ends; Mass entry of rain in Kerala, yellow alert

നദികള്‍ കരകവിഞ്ഞൊഴുകുന്നതിനാല്‍ ചിലയിടങ്ങളില്‍ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷം. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലുണ്ടായ മഴയെ തുടര്‍ന്ന് 15 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശക്തമായ കാറ്റിലും മഴയിലും നൂറിലധികം വീടുകള്‍ തകരുകയും ഗ്രാമീണ മേഖലകളില്‍ വ്യാപകമായി കൃഷി നശിക്കുകയും ചെയ്തു. സംസ്ഥാനത്തെ 63 ജില്ലകളില്‍ സാധാരണയേക്കാള്‍ കൂടുതല്‍ മഴ ലഭിച്ചുവെന്നും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ 19 മടങ്ങ് അധികം മഴയാണ് സംസ്ഥാനത്ത് ലഭിച്ചതെന്നുമാണ് റിപ്പോര്‍ട്ട്. നദികള്‍ കരകവിഞ്ഞൊഴുകുന്നതിനാല്‍ ചിലയിടങ്ങളില്‍ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഉത്തര്‍പ്രദേശിന് പുറമെ ഉത്തരാഖണ്ഡ്, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലും മഴ കനത്ത നാശനഷ്ടമുണ്ടാക്കുന്നുണ്ട്. മോശം കാലാവസ്ഥയെത്തുടര്‍ന്ന് ഉത്തരാഖണ്ഡിലെ ചാര്‍ധാം യാത്ര താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. തീര്‍ത്ഥാടകരോടും പൊതുജനങ്ങളോടും അനാവശ്യ യാത്ര ഒഴിവാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലഖ്‌നൗ, കാണ്‍പൂര്‍, ഉന്നാവോ മേഖലകളില്‍ വെള്ളക്കെട്ട് തുടരുകയാണ്. ഗംഗ എക്സ്പ്രസ് വേയും ടോള്‍ ബൂത്തുകളും വെള്ളത്തിനടിയിലായി. ജാര്‍ഖണ്ഡിലും നദികളില്‍ ജലനിരപ്പ് അപകടനിലയ്ക്ക് മുകളില്‍ തുടരുകയാണ്. കനത്തമഴയെ തുടര്‍ന്ന് റാഞ്ചി വിമാനത്താവളത്തില്‍ 30 വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്.

Tags