മതപരിവര്‍ത്തന കേസുകളില്‍ പ്രതികള്‍ക്ക് വധശിക്ഷ നൽകണം ; മധ്യപ്രദേശ് മുഖ്യമന്ത്രി


ഭോപ്പാല്‍: മതപരിവര്‍ത്തന കേസുകളില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവരെ പോലെ പെണ്‍കുട്ടികളെ മതപരിവര്‍ത്തനത്തിന് പ്രോത്സാഹിപ്പിക്കുന്നവരെയും ശിക്ഷിക്കണം.
സംസ്ഥാനത്ത് മതപരിവര്‍ത്തന കേസുകളിലെ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കാനുള്ള നിയമസംവിധാനം കൊണ്ടുവരും. മതപരിവര്‍ത്തനത്തില്‍ ബിജെപി സര്‍ക്കാര്‍ വിട്ടുവീഴ്ചചെയ്യില്ലെന്നും മോഹന്‍ യാദവ് പറഞ്ഞു.
‘നിഷ്‌കളങ്കരായ പെണ്‍മക്കളെ ബലാത്സംഗം ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. വിഷയത്തില്‍ പ്രതികള്‍ക്ക് വധശിക്ഷയുറപ്പാക്കുന്ന വ്യവസ്ഥ കൊണ്ടുവന്നിട്ടുണ്ട്. മതപരിവര്‍ത്തന കേസുകളിലും സംസ്ഥാനത്ത് വധശിക്ഷ നടപ്പാക്കാനുള്ള വ്യവസ്ഥ സര്‍ക്കാര്‍ കൊണ്ടുവരും’, മോഹന്‍ യാദവ് പറഞ്ഞു.