മരുമകൾക്ക് ഭർത്താവിന്റെ മാതാപിതാക്കളെ സംരക്ഷിക്കാൻ നിയമബാധ്യതയില്ലെന്ന് അലഹബാദ് ഹൈക്കോടതി
പ്രയാഗ്‌രാജ്: മരുമകൾക്ക് ഭർത്താവിന്റെ മാതാപിതാക്കളെ സംരക്ഷിക്കാൻ നിയമപരമായ ബാധ്യതയില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത - BNSS സെക്ഷൻ 144 ചട്ടപ്രകാരം അമ്മായിയപ്പനും അമ്മായിയമ്മയും മരുമകളിൽ നിന്ന് ജീവനാംശം ആവശ്യപ്പെടാൻ അർഹരല്ലെന്ന് ജസ്റ്റിസ് മദൻ പാൽ സിംഗ് നിരീക്ഷിച്ചു.
ജീവനാംശം ആവശ്യപ്പെടാനുള്ള അവകാശം നിയമപരമായ ഒന്നാണെന്നും, പ്രസ്തുത നിയമത്തിൽ വ്യക്തമായി പരാമർശിച്ചിട്ടുള്ള വിഭാഗങ്ങൾക്ക് മാത്രമേ ഇതിന് അർഹതയുള്ളൂ എന്നും കോടതി പറഞ്ഞു. ഈ വിഭാഗത്തിൽ അമ്മായിയപ്പനും അമ്മയും ഉൾപ്പെടുന്നില്ല.
ഭര്‍ത്താവിന്റെ മാതാപിതാക്കളെ നോക്കുക എന്നത് ഒരു ധാർമ്മിക കടമയായിരിക്കാം. എന്നാൽ നിയമപരമായ ഒരു മാൻഡേറ്റ് ഇല്ലാത്തതാണ്. ധാർമ്മികമായ ബാധ്യതകളെ നിയമപരമായി നടപ്പിലാക്കാൻ കോടതിക്ക് കഴിയില്ലെന്ന് ജസ്റ്റിസ് മദൻ പാൽ സിംഗ് വ്യക്തമാക്കി. മരുമകളുടെ മേൽ ഇത്തരമൊരു ബാധ്യത അടിച്ചേൽപ്പിക്കുന്നത് നിയമ സംവിധാനത്തിന്റെ ലക്ഷ്യമല്ല. മനഃപൂർവം തന്നെയാണ് മാതാപിതാക്കളെ ഈ പട്ടികയിൽ നിന്ന് ഒഴിവാക്കിയതെന്നും കോടതി ചൂണ്ടിക്കാട്ടി.
ആഗ്രയിലെ കുടുംബ കോടതി 2025 ഓഗസ്റ്റിൽ നൽകിയ വിധി ചോദ്യം ചെയ്തുകൊണ്ട് പ്രായമായ ദമ്പതികൾ സമർപ്പിച്ച പുനഃപരിശോധനാ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഉത്തർപ്രദേശ് പോലീസിൽ കോൺസ്റ്റബിളായ മരുമകൾക്കെതിരെയായിരുന്നു ഇവരുടെ പരാതി.
തങ്ങൾ പ്രായമായവരും നിരക്ഷരരും ദരിദ്രരുമാണെന്നും ഏക മകന്റെ മരണശേഷം തങ്ങളെ നോക്കാൻ ആരുമില്ലെന്നും ദമ്പതികൾ വാദിച്ചു. മകന്റെ മരണാനന്തര ആനുകൂല്യങ്ങളെല്ലാം കൈപ്പറ്റുന്നത് മരുമകളാണെന്നും അവർക്ക് സ്വന്തമായി വരുമാനമുണ്ടെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ ഈ വാദങ്ങൾ തള്ളിയ കോടതി മരുമകൾക്ക് ജോലി ലഭിച്ചത് ഭർത്താവിന്റെ മരണത്തെത്തുടർന്നുള്ള കാരുണ്യ നിയമനത്തിലൂടെ (Compassionate grounds) ആണെന്ന് തെളിയിക്കാൻ രേഖകളില്ലെന്നും വ്യക്തമാക്കി.
സ്വത്ത് തർക്കങ്ങൾ സംബന്ധിച്ച കാര്യങ്ങൾ ഇത്തരം ജീവനാംശ കേസുകളിൽ പരിഗണിക്കാൻ കഴിയില്ലെന്നും കോടതി ഓർമ്മിപ്പിച്ചു.
.jpg)


