ദളിത്, ആദിവാസി വിഭാഗങ്ങളിൽപ്പെട്ട പ്രതികൾക്ക് ജാമ്യം അനുവദിക്കുമ്പോൾ പോലീസ് സ്റ്റേഷൻ വൃത്തിയാക്കണമെന്ന വ്യവസ്ഥ വെക്കുന്നത് ക്രൂരവും ഭരണഘടനാ വിരുദ്ധവുമാണ് : സുപ്രീം കോടതി
ദളിത്, ആദിവാസി വിഭാഗങ്ങളിൽപ്പെട്ട പ്രതികൾക്ക് ജാമ്യം അനുവദിക്കുമ്പോൾ പോലീസ് സ്റ്റേഷൻ വൃത്തിയാക്കണമെന്ന വ്യവസ്ഥ വെക്കുന്നത് ക്രൂരവും ഭരണഘടനാ വിരുദ്ധവുമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഒഡീഷയിലെ കീഴ്‌ക്കോടതികളും ഹൈക്കോടതിയും പുറപ്പെടുവിച്ച ഇത്തരം ഉത്തരവുകൾ ജാതിവിവേചനത്തിന്റെ ഭാഗമാണെന്ന് കോടതി വ്യക്തമാക്കി. എട്ട് കേസുകളിലായി ആറ് ദളിത് വിഭാഗക്കാർക്കും രണ്ട് ആദിവാസികൾക്കുമാണ് മ്ലേച്ഛമായ ഈ ജാമ്യവ്യവസ്ഥ ഏർപ്പെടുത്തിയിരുന്നത്. ഈ നടപടി ഭരണഘടനയുടെ പതിനേഴാം അനുച്ഛേദം വിഭാവനം ചെയ്യുന്ന തൊട്ടുകൂടായ്മ നിരോധനത്തിന്റെ നഗ്നമായ ലംഘനമാണെന്ന് വിലയിരുത്തിയ കോടതി, ഇത്തരം ജാമ്യവ്യവസ്ഥകൾ അസാധുവായി പ്രഖ്യാപിച്ചു.
ഭാവിയിൽ ഒരു കോടതിയും ഇത്തരം വിവേചനപരമായ ഉത്തരവുകൾ പുറപ്പെടുവിക്കരുതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് കർശന നിർദ്ദേശം നൽകി. തുല്യതയ്ക്കുള്ള അവകാശം ഉറപ്പുനൽകുന്ന ഭരണഘടനയുടെ 14, 16 വകുപ്പുകളുടെ ലംഘനമാണ് ഇവിടെ നടന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരം നടപടികൾ സമൂഹത്തിൽ സാമുദായിക സ്പർധയുണ്ടാക്കാൻ കാരണമാകുമെന്നും, നീതിന്യായ വ്യവസ്ഥ ഇത്തരം വിവേചനങ്ങൾക്ക് കൂട്ടുനിൽക്കരുതെന്നും സുപ്രീം കോടതി ഓർമ്മിപ്പിച്ചു. രാജ്യത്തെ എല്ലാ കോടതികളും ഈ വിധി കർശനമായി പാലിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
.jpg)

