ആന്ധ്രപ്രദേശിന്റെ തെക്കൻ തീരത്ത് മുരാസു ചുഴലിക്കാറ്റ്

Murasu

ആന്ധ്രപ്രദേശ് : ആന്ധ്രപ്രദേശിന്റെ തെക്കൻ തീരത്ത് മുരാസു ചുഴലിക്കാറ്റ് കരതൊട്ടതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും ശക്തമായ കാറ്റും അനുഭവപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെ 3.30നും 5.30നും ഇടയിലാണ് നെല്ലൂരിനും നരസപുരത്തിനും ഇടയിലുള്ള തീരപ്രദേശത്ത് ചുഴലിക്കാറ്റ് കരകയറിയത്. ഒംഗോളിന് സമീപമുള്ള പ്രദേശങ്ങളെയും ചുഴലിക്കാറ്റ് ബാധിച്ചു.

മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റും അതിശക്തമായ മഴയും തീരമേഖലയിൽ നാശനഷ്ടങ്ങൾ സൃഷ്ടിച്ചു. നിരവധി മരങ്ങൾ കടപുഴകി വീണതായും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതായും റിപ്പോർട്ടുകളുണ്ട്. നെല്ലൂർ, പ്രകാശം, ബാപട്‌ല തുടങ്ങിയ ജില്ലകളിലാണ് കൂടുതൽ ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്.

മുൻകരുതൽ നടപടികളുടെ ഭാഗമായി ആറ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  ചില വിമാന സർവീസുകൾ തടസ്സപ്പെടുകയും ചെയ്തു. ദുരന്തനിവാരണ സേനയും പ്രാദേശിക ഭരണകൂടവും രക്ഷാപ്രവർത്തനത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കുമായി രംഗത്തുണ്ട്.

Tags