‘അർണബ്’ ചുഴലിക്കാറ്റ് പൂർണ്ണമായും കരതൊട്ടു

Heavy rains likely in the state till Tuesday; Red alert from tomorrow; Cyclone likely by Monday

 ഭുവനേശ്വർ: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ‘അർണബ്’ ചുഴലിക്കാറ്റ് പൂർണ്ണമായും കരതൊട്ടു. മുൻപ് അതിതീവ്ര ചുഴലിക്കാറ്റായിരുന്ന അർണബ് നിലവിൽ തീവ്ര ചുഴലിക്കാറ്റായി മാറിയതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആന്ധ്രാപ്രദേശിലെ കാക്കിനടയ്ക്കും യാനത്തിനും ഇടയിലുള്ള നരസാപൂരിലാണ് കാറ്റ് കരയിലേക്ക് കടന്നത്. മണിക്കൂറിൽ 125 കിലോമീറ്റർ വേഗതയിലായിരുന്നു ലാൻഡ്‌ഫാൾ. പുലർച്ചെ രണ്ട് മണിയോടെ ആരംഭിച്ച ലാൻഡ്‌ഫാൾ നടപടികൾ രാവിലെ എട്ട് മണിയോടെയാണ് പൂർത്തിയായത്.

ചുഴലിക്കാറ്റിന്റെ ആഘാതത്തിൽ വിശാഖപട്ടണത്തും കാക്കിനടയിലും കനത്ത മഴയും ശക്തമായ കാറ്റും തുടരുകയാണ്. ഒഡീഷയിലും വരും മണിക്കൂറുകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. കാറ്റിന്റെ ശക്തിയിൽ മരങ്ങളും വൈദ്യുതി പോസ്റ്റുകളും കടപുഴകി വീണ് വലിയ തോതിലുള്ള നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഇതുവരെ ജീവഹാനിയൊന്നും സംഭവിച്ചിട്ടില്ലെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വ്യക്തമാക്കി. കാക്കിനടയിൽ വെയർഹൗസ് ഗോഡൗണിൽ കുടുങ്ങിപ്പോയ നാലുപേരെ പോലീസ് വിജയകരമായി രക്ഷപ്പെടുത്തി. അപകടസാധ്യത പൂർണ്ണമായും മാറുന്നത് വരെ ജനങ്ങൾ സുരക്ഷിതമായി വീടുകൾക്കുള്ളിൽ തന്നെ കഴിയണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ദേശീയ-സംസ്ഥാന ദുരന്തനിവാരണ സേനകളും പോലീസും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാണ്.

അതേസമയം, അർണബ് ചുഴലിക്കാറ്റിനെ നേരിടാൻ മുൻകരുതൽ നടപടികളുമായി ഒഡീഷ സർക്കാരും രംഗത്തുണ്ട്. സംസ്ഥാനത്ത് 26 ട്രെയിൻ സർവീസുകൾ റദ്ദാക്കുകയും പലതിന്റെയും സമയക്രമം മാറ്റുകയും ചെയ്തു. മുന്നറിയിപ്പിന്റെ ഭാഗമായി 16 ജില്ലകളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് 48,000-ത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചു. സംസ്ഥാനത്തുടനീളം 1,700-ലധികം ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. ഇന്ന് പല ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒഡീഷ തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് നിലവിലുണ്ട്. ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകി.

Tags