‘അർണാബ്’ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു ; ബുധനാഴ്ച്ചയോടെ കരതൊടും

cyclone

 വിശാഖപട്ടണം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്ര ചുഴലിക്കാറ്റായി മാറി ഒക്ടോബർ 28-ന് ഉച്ചയോടെ കരതൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ‘അർണാബ്’ എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് ആന്ധ്രപ്രദേശിലെ ബാപറ്റ്‌ലക്കും വിശാഖപട്ടണത്തിനും ഇടയിലുള്ള തീരമേഖലയിലാണ് കരയിലേക്ക് പ്രവേശിക്കുക. കരതൊടുമ്പോൾ മണിക്കൂറിൽ 115 മുതൽ 125 കിലോമീറ്റർ വരെ വേഗതയിലും, ചില അവസരങ്ങളിൽ 140 കിലോമീറ്റർ വരെ വേഗതയിലും അതിശക്തമായ കാറ്റുവീശാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.

നിലവിലെ തീവ്ര ന്യൂനമർദ്ദം ഒക്ടോബർ 26-ഓടെ അർണാബ് ചുഴലിക്കാറ്റായും, 27-ഓടെ അതിതീവ്ര ചുഴലിക്കാറ്റായും ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ. ഇതിന്റെ ഭാഗമായി ആന്ധ്രപ്രദേശിലെയും ഒഡീഷയിലെയും വിവിധ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പും റെഡ് അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഉത്തര ആന്ധ്ര, ഈസ്റ്റ് ഗോദാവരി, കൃഷ്‌ണ, ഗുണ്ടൂർ, പ്രകാശം, നെല്ലൂർ എന്നീ ജില്ലകളിലാണ് ഒക്ടോബർ 27, 28 തീയതികളിൽ കടുത്ത ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.

അപകടസാധ്യതയുള്ള തീരദേശ മേഖലകളിൽ നിന്ന് ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കാൻ അധികൃതർ നിർദ്ദേശിച്ചു. കാലാവസ്ഥാ വ്യതിയാനങ്ങളും മുന്നറിയിപ്പുകളും കൃത്യമായി പാലിക്കണമെന്ന് സർക്കാർ ജനങ്ങളോട് അഭ്യർത്ഥിച്ചു. കൂടാതെ, ബംഗാൾ ഉൾക്കടലിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കർശന ജാഗ്രത പാലിക്കണമെന്നും വിലക്കുണ്ട്.

Tags