നികുതി വെട്ടിച്ച് രാജ്യത്തേയ്ക്ക് കടത്തിയത് 16 ടണ്‍ സിഗരറ്റുകള്‍; നശിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ച് കസ്റ്റംസ്

16 tons of cigarettes smuggled into the country without paying tax; Customs initiates destruction process

തിരുവനന്തപുരം: നികുതി വെട്ടിച്ച്  രാജ്യത്തേയ്ക്ക് കടത്തിയ ഏകദേശം 16 ടണ്‍ സിഗരറ്റുകള്‍ നശിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ച് കസ്റ്റംസ് വകുപ്പ്.ഏകദേശം 17.43 കോടി രൂപ വിപണി മൂല്യമുള്ള ലഹരി വസ്തുക്കളാണ് പിടികൂടിയത്. സിമന്റ് ഫാക്ടറിയിലെ ഉയര്‍ന്ന താപനിലയുള്ള ചൂളയിലാണ് ഇത് നശിപ്പിക്കുന്നത്.കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മലബാര്‍ മേഖലയില്‍ നിന്ന് പിടിച്ചെടുത്ത 1.07 കോടി സിഗരറ്റ് കുറ്റികളാണ്(sticks) നശിപ്പിക്കുന്നത്. മധ്യകേരളത്തിലെ ഒരു സിമന്റ് ഫാക്ടറിയില്‍ രഹസ്യമായാണ് ഇത് നശിപ്പിക്കുന്നത്. ഇത് പൂര്‍ത്തിയാവാന്‍ ഏകദേശം 30 ദിവസമെടുക്കുമെന്നാണ് കസ്റ്റംസ് വൃത്തങ്ങള്‍ പറയുന്നത്.

 ഓരോ ദിവസവും 500 കിലോ സിഗരറ്റുകള്‍ വീതമാണ് നശിപ്പിക്കുന്നത്. മലപ്പുറം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്. '500 മുതല്‍ 1,000 കിലോഗ്രാം വരെ ഭാരമുള്ള ചെറിയ അളവിലുള്ള സിഗരറ്റുകള്‍ ഞങ്ങള്‍ ഇടയ്ക്കിടെ നശിപ്പിക്കാറുണ്ട്. എന്നാല്‍ ഇത്തവണ നശിപ്പിക്കേണ്ട കള്ളക്കടത്തിന്റെ അളവ് വളരെ വലുതാണ്,'- കസ്റ്റംസ് വൃത്തങ്ങള്‍ പറയുന്നു.

നേപ്പാള്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങള്‍ വഴി കടത്തിയതോ അല്ലെങ്കില്‍ ഇവിടെ നിര്‍മ്മിച്ചതോ ആണ് പിടിച്ചെടുത്ത സിഗരറ്റുകള്‍. 'മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കാലാവധി കഴിഞ്ഞ സിഗരറ്റുകള്‍ വാങ്ങി വിദേശ ബ്രാന്‍ഡുകളായി വീണ്ടും പായ്ക്ക് ചെയ്യുന്ന രീതി നിലവിലുണ്ട്. ഇറക്കുമതി ചെയ്ത സാധനങ്ങളാണെന്ന് തെളിയിക്കുന്നതിനുള്ള രേഖകള്‍ ഉടമകള്‍ കാണിക്കാത്തതിനാല്‍, ഞങ്ങള്‍ അവയെ കള്ളക്കടത്തായി കണക്കാക്കുന്നു'- കസ്റ്റംസ് വൃത്തങ്ങള്‍ പറഞ്ഞു.

Tags