ക്രൂഡ് ഓയിൽ വില കുതിക്കുന്നു ; രാജ്യത്ത് പെട്രോൾ-ഡീസൽ വില വർധിച്ചേക്കും
ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ-ഡീസൽ വില വീണ്ടും വർധിച്ചേക്കും. ക്രൂഡ് ഓയിൽ വില 95 ഡോളർ പിന്നിട്ടതോടെയാണ് വീണ്ടും പ്രതിസന്ധി ഉയരുന്നത്. ക്രൂഡ് ഓയിൽ വില തുടർച്ചയായി 95 മുതൽ 100 ഡോളറിന് മുകളിലായാൽ ഇന്ധനവില വർധന പുനഃപരിശോധിക്കേണ്ടി വരുമെന്നാണ് എണ്ണക്കമ്പനികൾ പറയുന്നത്. കഴിഞ്ഞ ആറാഴ്ചയ്ക്കിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ക്രൂഡ് ഓയിൽ വില. യുഎസ് -ഇറാൻ ആക്രമണങ്ങളും ഹോർമൂസ് കടലിടുക്കിലെ സംഘർഷാവസ്ഥയുമാണ് എണ്ണ വിതരണത്തെ പ്രതിസന്ധിയിലാക്കുന്നത്. സംഘർഷാവസ്ഥ രൂക്ഷമായത്തോടെയാണ് ക്രൂഡ് ഒയിൽ വില ഉയർന്നത്.
പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം ശക്തമായിരിക്കുകയാണ്. ഹോർമുസ് കടലിടുക്കിലൂടെ കടന്നു പോയ സൗദി എണ്ണക്കപ്പലിന് നേരെ ഇന്നും ആക്രമണമുണ്ടായി. ആക്രമണത്തിൽ രണ്ട് ഫിലിപ്പീൻസ് നാവികർ കൊല്ലപ്പെട്ടു. ആക്രമണത്തെ അപലപിച്ച് സൗദി അറേബ്യ രംഗത്ത് വന്നിട്ടുണ്ട്. അതേസമയം ആക്രമണ വാർത്ത നിഷേധിക്കുന്ന നിലപാടാണ് ഇറാന്റെ ഭാഗത്ത് നിന്നുണ്ടായത്. കപ്പലിന് തീപിടിച്ചത് കടലിൽ സ്ഥാപിച്ചിരുന്ന മൈനുകളിൽ തട്ടിയെന്നാണ് ഇറാൻ പറയുന്നത്. കപ്പൽ സഞ്ചരിച്ചത് അനധികൃത പാതയിലൂടെയാണെന്നും ഇറാൻ വിശദീകരിക്കുന്നുണ്ട്.
അതേസമയം, വിമാന ഇന്ധന (എടിഎഫ്) വിലയും വർധിപ്പിച്ചിരുന്നു. 5.46% വർധനവാണ് ഏർപ്പെടുത്തിയത്. കഴിഞ്ഞ മാസം അഞ്ചുരൂപയുടെ വർധന പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തുടർച്ചയായി വീണ്ടും നിരക്ക് കൂട്ടിയതായി പ്രഖ്യാപിച്ചത്. വിമാനത്തിന്റെ പ്രവർത്തന ചെലവിൽ 40 ശതമാനത്തോളം ഇന്ധന ഇനത്തിലാണ്. ഇത് ടിക്കറ്റ് നിരക്കിലും സ്വഭാവികമായി പ്രതിഫലിച്ചേക്കും. ആഭ്യന്തര സർവീസുകളിലാവും ടിക്കറ്റ് നിരക്ക് വർധവന് ആദ്യം പ്രതിഫലിക്കാൻ സാധ്യത.
.jpg)

