ആഭരണക്കടയിൽ വെച്ച് കുടിവെള്ളമെന്ന് കരുതി ആസിഡ് കലർന്ന വെള്ളം കുടിച്ചു ; അധ്യാപിക ഗുരുതരാവസ്ഥയിൽ
ഉത്തർപ്രദേശ് : ആഭരണക്കടയിൽ വെച്ച് കുടിവെള്ളമെന്ന് കരുതി ആസിഡ് കലർന്ന വെള്ളം കുടിച്ച അധ്യാപിക ഗുരുതരാവസ്ഥയിൽ. ഹാപുർ അർജുൻ നഗറിലെ ജ്വല്ലറിയിൽ എത്തിയ മീററ്റിലെ സ്വകാര്യ സ്കൂൾ അധ്യാപികയായ റിയയ്ക്കാണ് ദാരുണമായ അനുഭവമുണ്ടായത്.
അമ്മയ്ക്കൊപ്പം ആഭരണങ്ങൾ വാങ്ങാൻ എത്തിയതായിരുന്നു റിയ. കടയിലെത്തിയ ഉടനെ ദാഹിച്ചുവെന്ന് പറഞ്ഞതിനെത്തുടർന്ന്, കടയിലെ ജീവനക്കാരൻ തൊട്ടടുത്തുള്ള ബേക്കറിയിൽ പോയി കുപ്പി വെള്ളം വാങ്ങി നൽകുകയായിരുന്നു. വെള്ളം കുടിച്ചയുടൻ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട റിയ, പുറത്തേക്ക് ഓടി വെള്ളം തുപ്പുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. തുടർന്ന് നടത്തിയ പരിശോധനയിൽ കുപ്പിയിലുണ്ടായിരുന്നത് ആസിഡ് ആണെന്ന് കണ്ടെത്തുകയായിരുന്നു. ഉള്ളിലെ മുറിവുകളെത്തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതിയെ മീററ്റിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവം വിവാദമായതോടെ പോലീസ് ബേക്കറിയിൽ നടത്തിയ പരിശോധനയിൽ ആസിഡ് നിറച്ച നിലയിൽ നിരവധി കുപ്പികൾ കണ്ടെടുത്തു. കുപ്പിവെള്ളം വിതരണക്കാരാണ് ഇവ എത്തിച്ചതെന്ന് ബേക്കറിയുടമ പോലീസിനോട് വെളിപ്പെടുത്തി. സംഭവത്തിൽ ബേക്കറിയുടമയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. കുപ്പിവെള്ളം വിതരണം ചെയ്യുന്ന ഏജൻസിയെ കേന്ദ്രീകരിച്ചും പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
.jpg)

