സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങളിൽ മെട്രോ നഗരങ്ങളിൽ മുന്നിൽ ഡൽഹി

Delhi tops metro cities in crimes against women and children

 ന്യൂഡൽഹി: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങളിൽ മെട്രോ നഗരങ്ങളിൽ ഒന്നാമതെത്തി ഡൽഹി. കഴിഞ്ഞ ദിവസം നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ പുറത്തിറക്കിയ 2024ലെ വാർഷിക റിപ്പോർട്ടിലാണ് കുറ്റകൃത്യങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. 2024 ജൂലൈ1ന് ഭാരതീയ ന്യായ സംഹിത നിലവിൽ വന്നതുമുതലുള്ള കണക്കുകളാണ് റിപ്പോർട്ടിലുള്ളത്. കൊൽക്കത്തയാണ് ഏറ്റവും പിന്നിൽ.

2023നെ അപേക്ഷിച്ച് 2024ൽ ഡൽഹിയിൽ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസുകളിൽ കുറവുണ്ടായിട്ടുണ്ട്. 2023 ൽ ഏകദേശം 3.24 ലക്ഷം കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. അതേസമയം, 2024ൽ ഇത് 2.75 ലക്ഷമായി കുറഞ്ഞു. കേസുകളുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും, ഇന്ത്യയിലെ 19 മെട്രോ നഗരങ്ങളുടെ പട്ടികയിൽ കുറ്റകൃത്യങ്ങളിൽ ഡൽഹി തന്നെയാണ് മുന്നിൽ.

2024-ൽ ഡൽഹിയിൽ 504 കൊലപാതകങ്ങളാണ് റിപ്പോർട്ട് ചെയ്തത്. വ്യക്തിവൈരാഗ്യം, കവർച്ച തുടങ്ങിയവയാണ് കൊലപാതകങ്ങളുടെ പ്രധാന കാരണങ്ങൾ. 5,580 തട്ടിക്കൊണ്ടു പോകൽ കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇരകളിൽ ഭൂരിഭാഗവും 12നും 18നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളാണ്.

എല്ലാ നഗരങ്ങളിലെയും മൊത്തം മോഷണക്കേസുകളുടെ 73.3 ശതമാനവും ഡൽഹിയിലാണ്. പ്രതിദിനം ശരാശരി 496 മോഷണങ്ങൾ എന്ന കണക്കിൽ 1,80,973 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 40,000 വാഹന മോഷണങ്ങളും ഉൾപ്പെടുന്നു.

ബി.എൻ.എസ് സെക്ഷൻ 111 പ്രകാരമുള്ള സംഘടിത കുറ്റകൃത്യങ്ങളിൽ 20 കേസുകളുമായി ഡൽഹി മെട്രോ നഗരങ്ങളിൽ മുന്നിലാണ്. 2024 അവസാനത്തോടെ ഡൽഹിയിൽ ആകെ 10,843 കുട്ടികളെ കാണാതായാതായാണ് കണക്ക്. ഇതിൽ 7,649 പേർ പെൺകുട്ടികളും 3,192 പേർ ആൺകുട്ടികളുമാണ്. കുടിയേറ്റവും ജോലിക്ക് പോകുന്ന മാതാപിതാക്കളുടെ കുട്ടികൾക്ക് സംരക്ഷണം നൽകാൻ സംവിധാനങ്ങളില്ലാത്തതുമാണ് ഈ ഉയർന്ന കണക്കിന് കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കാണാതാകുന്ന കുട്ടികളെ കണ്ടെത്തുന്ന കാര്യത്തിൽ ഡൽഹിയിലെ റിക്കവറി റേറ്റ് 62.4 ശതമാനമാണ്. റെയിൽവേ സ്റ്റേഷനുകൾ, കുടിയേറ്റ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ കുട്ടികളെ കാണാതാകുന്നത്. മുതിർന്നവർ ഉൾപ്പെടെ ആകെ 55,939 പേരെ കാണാതായ കേസുകൾ നിലവിലുണ്ട്. ഇവരെ കണ്ടെത്തുന്നതിലെ റിക്കവറി റേറ്റ് 50.8 ശതമാനമാണ്.

വാഹന മോഷണം, മറ്റ് മോഷണങ്ങൾ തുടങ്ങിയ ചില പ്രത്യേക വിഭാഗങ്ങളിൽ ഓൺലൈനായി എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്യാനുള്ള സേവനം ഡൽഹിയും ഉത്തർപ്രദേശും നടപ്പിലാക്കിയിട്ടുണ്ട്. ഈ സൗകര്യം നിലവിൽ വന്നതോടെ ഈ സംസ്ഥാനങ്ങളിൽ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ വലിയ വർദ്ധനവുണ്ടായിട്ടുണ്ടാകാമെന്നാണ് എൻ.സി.ആർ.ബി നിരീക്ഷണം.

Tags