ക്രിക്കറ്റ് മത്സരത്തിനിടെ തർക്കം ; യുവാവ് അമ്പയറെ കുത്തിക്കൊന്നു
വിശാഖപട്ടണം : ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ ഒരു റണ്ണിന്റെ പേരിലുണ്ടായ തർക്കത്തെത്തുടർന്നുണ്ടായ സംഘർഷത്തിൽ അമ്പയറെ കുത്തിക്കൊന്നു. പ്രാദേശികമത്സരം നിയന്ത്രിച്ച അമ്പയർ അജിത്ത് ബാബു(23) ആണ് കൊല്ലപ്പെട്ടത്. ഈ മത്സരം നിയന്ത്രിച്ച ചിരഞ്ജീവിക്കും ആക്രമണത്തിൽ പരിക്കേറ്റു. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ഞായറാഴ്ച വൈകിട്ട് മൂന്ന് ടീമുകൾ തമ്മിൽ ഗ്രൗണ്ടിൽ മാച്ച് ഉണ്ടായിരുന്നു. മത്സരത്തിനിടെ, ഒരു റണ്ണിനെച്ചൊല്ലി കളിക്കാർക്കിടെ തർക്കമുണ്ടായി. അമ്പയർമാർ ഇടപെട്ട് പ്രശ്‌നംപരിഹരിച്ചിരുന്നു.
എന്നാൽ, കാണികളിലൊരാളായ കിഷോർ(26) ഇതിനെ ചോദ്യംചെയ്തു. മത്സരശേഷം ഇവർ തമ്മിൽ വാക്ക് തർക്കമുണ്ടാവുകയും കിഷോർ അമ്പയർമാരെ ആക്രമിക്കുകയുമായിരുന്നു. വാക്കേറ്റത്തിനിടെ കിഷോർ അജിത്തിനെ കുത്തി വീഴ്ത്തി. സ്വകാര്യ ഫോട്ടോഗ്രാഫറായ കിഷോറിന് നേരത്തേ അമ്പയറുമായി തർക്കമുണ്ടായിരുന്നെന്നും പോലീസ് പറഞ്ഞു. അജിത് ബാബുവിന്റെ നെഞ്ചിലാണ് കുത്തേറ്റത്. ക്രിക്കറ്റ് മാച്ചിന് ശേഷം കിഷോർ അമ്പയർമാരെ അടുത്തുള്ള ഒരു സ്ഥലത്തേക്ക് വിളിച്ചുവരുത്തി പ്രശ്നം പരിഹരിക്കാൻ ആവശ്യപ്പെട്ടു.
പിന്നീട് തർക്കമുണ്ടാവുകയും കിഷോർ പെട്ടെന്ന് ഒരു കത്തി പുറത്തെടുത്ത് രണ്ട് അമ്പയർമാരെയും ആക്രമിക്കുകയായിരുന്നുവെന്ന് സർക്കിൾ ഇൻസ്പെക്ടർ മല്ലേശ്വര റാവു പറഞ്ഞു. ആക്രമണം തടയാൻ ശ്രമിച്ച മറ്റൊരാൾക്കും പരിക്കേറ്റതായിപൊലീസ് പറഞ്ഞു. പരിക്കേറ്റവരെ ആദ്യം പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടർന്ന് അജിത് ബാബുവിനെ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. പരിക്കേറ്റ രണ്ട് പേർ ചികിത്സയിലാണ്. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
.jpg)


