സിപിഐഎം പൊളിറ്റ്ബ്യൂറോ യോഗം ഇന്ന് തുടങ്ങും

സിപിഐഎം പൊളിറ്റ്ബ്യൂറോയുടെ രണ്ട് ദിവസത്തെ യോഗത്തിന് ഇന്ന് ഡല്‍ഹിയില്‍ തുടക്കമാകും. കേരളത്തിലെ മന്ത്രിസഭാ പുനസംഘടന സംബന്ധിച്ച അഭ്യൂഹങ്ങള്‍ തുടരുന്നതിനിടെയാണ് പൊളിറ്റ്ബ്യൂറോ യോഗം ചേരുന്നത്.
കേരളത്തിലെ മന്ത്രിസഭാ പുനസംഘടനയില്‍ പരിഗണിക്കേണ്ടത് മുന്നണിധാരണയാണെന്ന നിലപാടിലാണ് കേന്ദ്രനേതൃത്വം. സിപിഐഎം മന്ത്രിമാരുടെ വകുപ്പിലോ മന്ത്രിസഭാ പ്രാതിനിധ്യത്തിലോ മാറ്റം വേണമെങ്കില്‍ അത് പിബിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടേക്കാം എന്നാണ് വിവരം. രാജ്യത്തെ പൊതുരാഷ്ടീയ സാഹചര്യവും യോഗം ചര്‍ച്ച ചെയ്യും.
പ്രതിപക്ഷ സഖ്യമായ ഇന്‍ഡ്യയുടെ ഏകോപന സമിതിയില്‍ സിപിഐഎം പ്രതിനിധി വേണമോയെന്നതില്‍ പിബി യോഗം തീരുമാനം എടുത്തേക്കും. ഏകോപന സമിതിയില്‍ പ്രാതിനിധ്യം വേണമെന്ന് തീരുമാനിച്ചാല്‍ സിപിഐഎം പ്രതിനിധിയെയും പൊളിറ്റ്ബ്യൂറോ നിശ്ചയിച്ചേക്കും. ഏകോപന സമിതിയെ തീരുമാനിച്ച മുംബൈയിലെ ഇന്‍ഡ്യാ സഖ്യത്തിന്റെ യോഗത്തില്‍ പ്രതിനിധിയെ സംബന്ധിച്ച് തീരുമാനിച്ച് അറിയിക്കാം എന്നായിരുന്നു സിപിഐഎം നിലപാട്. നിലവില്‍ പ്രതിപക്ഷ സഖ്യത്തിന്റെ പ്രവര്‍ത്തനവും പൊളിറ്റ്ബ്യൂറോ അവലോകനം ചെയ്യും. പ്രതിപക്ഷ സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് സഖ്യം സംബന്ധിച്ചും സീറ്റ്ധാരണ സംബന്ധിച്ചും സംസ്ഥാന തലത്തില്‍ തീരുമാനം ഉണ്ടാകണമെന്നാണ് സിപിഐഎം നിലപാട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഈ നിലപാട് ഏതുനിലയില്‍ പ്രാവര്‍ത്തികമാകും എന്നത് സംബന്ധിച്ച് പിബിയില്‍ ചര്‍ച്ചകള്‍ ഉണ്ടാകും.