ഇന്ത്യ മുന്നണിയിലെ ഏകോപന സമിതിയിലേക്ക് പ്രതിനിധിയെ അയക്കേണ്ടതില്ലെന്ന് സിപിഎം പിബി തീരുമാനം

google news
sitaram yechury

പ്രതിപക്ഷ കക്ഷികളുടെ സഖ്യമായ ഇന്ത്യ മുന്നണിയിലെ ഏകോപന സമിതിയിലേക്ക് പ്രതിനിധിയെ അയക്കേണ്ടതില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ തീരുമാനം. മുന്നണിയുടെ ശക്തി 28 പാര്‍ട്ടികളും അവയുടെ നേതാക്കളുമാണെന്നും അതിന് മുകളില്‍ ഒരു സമിതി രൂപീകരിച്ചതിനോട് യോജിപ്പില്ലെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി.

രാജ്യത്തിന്റെ ഭരണഘടനയും മതേതര ജനാധിപത്യ സ്വഭാവവും സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്ക് ശക്തി പകരുന്നതിന് വേണ്ടി ഇന്ത്യാ ബ്ലോക്കിന്റെ ഏകീകരണത്തിനും വിപുലീകരണത്തിനും വേണ്ടി പാര്‍ട്ടി പ്രവര്‍ത്തിക്കുമെന്നും കേന്ദ്ര, സംസ്ഥാന ഭരണങ്ങളില്‍ നിന്ന് ബിജെപിയെ അകറ്റിനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

'രാജ്യത്തുടനീളം പൊതുയോഗങ്ങള്‍ സംഘടിപ്പിക്കാനും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ പരാജയം ഉറപ്പാക്കാനും ജനങ്ങളെ അണിനിരത്താനുമുള്ള ഇന്ത്യ സഖ്യത്തിന്റെ നിലപാടിനെ സിപിഎം അംഗീകരിക്കുന്നു. തെരഞ്ഞെടുത്ത നേതാക്കളാണ് എല്ലാ തീരുമാനങ്ങളും എടുക്കേണ്ടത്. അത്തരം തീരുമാനങ്ങള്‍ക്ക് തടസമാകുന്ന സംഘടനാ സംവിധാനങ്ങള്‍ ഉണ്ടാകരുത്', സിപിഎം പോളിറ്റ് ബ്യൂറോ വ്യക്തമാക്കി.

Tags