ബലാത്സംഗക്കേസിൽ പ്രജ്വൽ രേവണ്ണ കുറ്റക്കാരനെന്ന് കോടതി ; ശിക്ഷാവിധി ശനിയാഴ്ച
ബംഗളൂരു: ബലാത്സംഗക്കേസിൽ ജെ.ഡി.എസ് മുൻ എം.പി പ്രജ്ജ്വൽ രേവണ്ണ കുറ്റക്കാരനാണെന്ന് ബംഗളൂരുവിലെ എം.പി-എം.എൽ.എ കോടതി വിധിച്ചു. പ്രജ്വലിനുള്ള ശിക്ഷാവിധി ശനിയാഴ്ച പ്രസ്താവിക്കുമെന്നും കോടതി വ്യക്തമാക്കി. മുൻ എം.പിയുടെ പേരിലുള്ള നാല് ലൈംഗിക പീഡനക്കേസുകളിൽ ആദ്യത്തെ കേസിലാണ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ കൊച്ചുമകനാണ് പ്രജ്വൽ.
tRootC1469263">ഹാസനിലെ പ്രജ്ജ്വലിന്റെ കുടുംബത്തിന്റെ ഫാം ഹൗസിൽ ജോലിക്കാരിയായ 48കാരി നൽകിയ പരാതിയിലെടുത്ത കേസിലാണ് ഇപ്പോൾ വിധി വന്നത്. രണ്ടുതവണ ലൈംഗിക പീഡനത്തിനിരയാക്കിയെന്നും ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നുമാണ് കേസ്. വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ 26 തെളിവുകൾ നേരത്തെ കോടതി പരിശോധിച്ചിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ പ്രജ്വൽ നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തായതോടെയാണ് ഇവർ പരാതിയുമായി പോലീസിനെ സമീപിച്ചത്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പ്രജ്വൽ ഉൾപ്പെട്ട ലൈംഗിക വിഡിയോകൾ അടങ്ങിയ പെൻഡ്രൈവ് പ്രചരിച്ചത്. ഹാസൻ ലോക്‌സഭാ മണ്ഡലത്തിലെ ജെ.ഡി.എസ് സ്ഥാനാർഥിയായിരുന്നു പ്രജ്വൽ. ദൃശ്യങ്ങൾ പുറത്തായതോടെ, വോട്ടെടുപ്പു നടന്ന ദിവസം രാത്രി സിറ്റിങ് എം.പിയായിരുന്ന പ്രജ്വൽ ജർമനിയിലേക്ക് കടന്നു. തിരിച്ചുവന്നപ്പോൾ ബംഗളൂരു വിമാനത്താവളത്തിൽവെച്ച് കഴിഞ്ഞവർഷം മേയ് 31നാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്. തെരഞ്ഞെടുപ്പിൽ പ്രജ്വൽ 42,000ത്തിലേറെ വോട്ടുകൾക്ക് തോറ്റു.
പ്രജ്വലിനെതിരേ മൊഴികൊടുക്കുന്നത് ഒഴിവാക്കാൻ പരാതിക്കാരിയെ തട്ടിക്കൊണ്ടുപോയതിന് പ്രജ്ജ്വലിന്റെ പിതാവും എം.എൽ.എയുമായ എച്ച്.ഡി. രേവണ്ണയുടെയും അമ്മ ഭവാനി രേവണ്ണയുടെയും പേരിലും പൊലീസ് കേസെടുത്തിരുന്നു. രേവണ്ണയെ അറസ്റ്റുചെയ്യുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയുമായിരുന്നു.
ജൂലായ് 18ന് വാദംപൂർത്തിയാക്കിയ കേസിൽ ബുധനാഴ്ച വിധിപറയാനായി മാറ്റിയിരുന്നെങ്കിലും ജഡ്ജി സന്തോഷ് ഗജാനൻ ഭട്ട് ചില കാര്യങ്ങളിൽ വ്യക്തത തേടുകയും വിധിപ്രസ്താവം വെള്ളിയാഴ്ചത്തേക്ക് മാറ്റിവെക്കുകയുമാണ് ഉണ്ടായത്. കേസിൽ തെളിവായി ഹാജരാക്കിയ ഗൂഗ്ൾ മാപ്പ് വിവരങ്ങൾ പരിഗണിക്കാൻ കഴിയുന്നതാണോയെന്നാണ് കോടതി ആദ്യം ആരാഞ്ഞത്. തെളിവായി ഹാജരാക്കിയ മൊബൈൽ ഫോൺ സംബന്ധിച്ചും വ്യക്തത തേടിയിരുന്നു.
.jpg)


