അഴിമതിയും മോശം സൗകര്യങ്ങളും : ചെന്നൈയിലെ ആശുപത്രിയിൽ മിന്നൽ പരിശോധന നടത്തി മുഖ്യമന്ത്രി വിജയ്
ചെന്നൈ: ആശുപത്രിയിലെ അഴിമതിയും മോശം സൗകര്യങ്ങളും തുറന്നുകാട്ടുന്ന വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ, ചെന്നൈ എഗ്‌മൂറിലെ സർക്കാർ കുട്ടികളുടെ ആശുപത്രിയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ബുധനാഴ്ച രാവിലെയായിരുന്നു ആരെയും മുൻകൂട്ടി അറിയിക്കാതെയുള്ള മുഖ്യമന്ത്രിയുടെ ഈ മിന്നൽ പരിശോധന. തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം വിജയ് നടത്തുന്ന ആദ്യത്തെ ഔദ്യോഗിക സർപ്രൈസ് പരിശോധന കൂടിയാണിത്.
ആശുപത്രിയിലെ വിവിധ വാർഡുകൾ നേരിട്ട് സന്ദർശിച്ച മുഖ്യമന്ത്രി, അവിടുത്തെ ഇൻഫ്രാസ്ട്രക്ചർ സൗകര്യങ്ങൾ കൃത്യമായി വിലയിരുത്തി. തുടർന്ന് സീനിയർ ഡോക്ടർമാരുമായും മറ്റ് മെഡിക്കൽ സ്റ്റാഫുകളുമായും നിലവിലെ ചികിത്സാ സൗകര്യങ്ങളെക്കുറിച്ച് അദ്ദേഹം ചർച്ച നടത്തി. വാർഡുകളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള കുട്ടികളുടെ അമ്മമാരുടെ അടുത്തേക്ക് നേരിട്ടെത്തിയ മുഖ്യമന്ത്രി, അവർക്ക് ലഭിക്കുന്ന പരിചരണത്തെക്കുറിച്ചും ആശുപത്രിയിലെ ക്രമീകരണങ്ങളെക്കുറിച്ചും ചോദിച്ചറിഞ്ഞു. മുഖ്യമന്ത്രി നവജാതശിശുക്കളെ കൈകളിലെടുക്കുന്നതിൻ്റെയും, ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ മാതാപിതാക്കളെ ആശ്വസിപ്പിക്കുന്നതിൻ്റെയും, ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുന്നതിൻ്റെയും ചിത്രങ്ങൾ തമിഴ്‌നാട് സർക്കാർ ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്.
ദാരിദ്ര്യരേഖക്ക് താഴെയുള്ള ഒരു കുടുംബത്തിൽ നിന്നുള്ള സ്ത്രീ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വിഡിയോയാണ് മുഖ്യമന്ത്രിയുടെ പെട്ടെന്നുള്ള ഈ ഇടപെടലിന് വഴിവെച്ചത്. പ്രസവ സംബന്ധമായ ആവശ്യങ്ങൾക്കായി ആശുപത്രിയെ സമീപിച്ച തങ്ങളോട് അവിടുത്തെ ജീവനക്കാർ കൈക്കൂലി ആവശ്യപ്പെട്ടതായി സ്ത്രീ വിഡിയോയിൽ ആരോപിച്ചിരുന്നു. ഇതിനുപുറമെ, രോഗികൾക്ക് കൃത്യസമയത്ത് ഭക്ഷണം നൽകുന്നില്ലെന്നും, കുടിവെള്ളവും വൃത്തിയുള്ള ശുചിമുറികളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ആശുപത്രിയിൽ പരിതാപകരമാണെന്നും അവർ വിഡിയോയിലൂടെ തെളിവ് സഹിതം ചൂണ്ടിക്കാണിച്ചു. ഈ വിഡിയോ ജനങ്ങൾക്കിടയിലും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചയായതോടെയാണ് മുഖ്യമന്ത്രി നേരിട്ട് അന്വേഷണത്തിന് ഇറങ്ങിയത്.
മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് തൊട്ടുപിന്നാലെ, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ചതായി തമിഴ്‌നാട് ആരോഗ്യമന്ത്രി ഡോ. അരുൺ രാജ് അറിയിച്ചു. കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയതായും, കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ താൽക്കാലിക കരാർ ജീവനക്കാരിയെ ജോലിയിൽ നിന്ന് ഉടനടി പിരിച്ചുവിട്ടതായും മന്ത്രി വ്യക്തമാക്കി. സർക്കാർ ആശുപത്രികളിൽ അഴിമതിയോ രോഗികളോടുള്ള മോശം പെരുമാറ്റമോ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ആശുപത്രിയിലെ രോഗികളിൽ നിന്നും അവരുടെ ബൈസ്റ്റാൻഡർമാരിൽ നിന്നും സർക്കാർ നേരിട്ട് ഫീഡ്‌ബാക്ക് ശേഖരിച്ചിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ ആശുപത്രിയുടെ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. രോഗികൾക്കും സഹായികൾക്കുമായി ആധുനിക രീതിയിലുള്ള പുതിയ ടോയ്‌ലറ്റ് ബ്ലോക്കുകൾ ഉടൻ നിർമിക്കും.കുട്ടികൾക്ക് കൂടുതൽ മികച്ച പരിചരണം ഉറപ്പാക്കാൻ പുതിയ വാർഡുകൾ സ്ഥാപിച്ച് ബെഡ്ഡുകളുടെ എണ്ണം കൂട്ടും.രോഗികളുടെ ബന്ധുക്കൾക്ക് ന്യായമായ വിലയിൽ ഗുണനിലവാരമുള്ള ഭക്ഷണം ഉറപ്പാക്കാൻ ആശുപത്രി വളപ്പിൽ പുതിയ കാന്റീൻ ആരംഭിക്കും.
സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി ഇത്തരം പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്നും, ജനങ്ങൾക്ക് മികച്ച സൗജന്യ ചികിത്സ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
.jpg)

