പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ ഓഫീസുമായി ബന്ധപ്പെട്ട അഴിമതി കേസ്; ആരോപണങ്ങളില്‍ സിബിഐ അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവ്

Corruption case related to Punjab Chief Minister Bhagwant Mann's office; High Court orders CBI probe into allegations

ചണ്ഡിഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ ഓഫീസുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളില്‍ സിബിഐ അന്വേഷണം നടത്താന്‍ പഞ്ചാബ് ഹൈക്കോടതി ഉത്തരവ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം, സര്‍ക്കാര്‍ നയങ്ങളില്‍ സ്വാധീനം, ടെന്‍ഡറുകള്‍, ആയുധ ലൈസന്‍സ് എന്നിവയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പഞ്ചാബ് ഡിജിപിക്ക് അയച്ച മൂന്ന് കത്തുകളില്‍ ഉന്നയിച്ചിരുന്നത്.

സിബിഐ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നും രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും ചീഫ് ജസ്റ്റിസ് അശ്വനി കുമാര്‍ മിശ്ര, ജസ്റ്റിസ് രോഹിത് കപൂര്‍ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദ്ദേശിച്ചു. പഞ്ചാബ് സര്‍ക്കാരും പൊലീസും അന്വേഷണത്തിന് കേന്ദ്ര ഏജന്‍സിക്ക് പൂര്‍ണ സഹകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണം ആവശ്യമാണെന്ന് ബെഞ്ച് വ്യക്തമാക്കി. 'ഈ വിഷയത്തില്‍ പഞ്ചാബ് പൊലീസ് ഇതുവരെ സ്വീകരിച്ച നടപടികളില്‍ കോടതി തൃപ്തരല്ല. അതിനാല്‍ നിലവിലെ കേസന്വേഷണം സിബിഐയെ ഏല്‍പ്പിക്കുന്നതാണ് ഉചിതം. സിബിഐ ഉടന്‍ തന്നെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണവുമായി മുന്നോട്ട് പോകണം,' ബെഞ്ച് പ്രസ്താവിച്ചു.

അഭിഭാഷകനായ നിഖില്‍ സറഫിന്റെ പൊതുതാല്പര്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. മുഖ്യമന്ത്രിയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഇഡി പഞ്ചാബ് ഡിജിപിക്ക് അയച്ച കത്തുകളില്‍ നടപടി എടുക്കാത്തതിനെ തുടര്‍ന്നാണ് ഇയാള്‍ സ്വന്ത്ര ഏജന്‍സി അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രിയുടെ ഒഎസ്ഡി രാജ്ബീര്‍ സിങ് ഗുമാന്‍ ഉള്‍പ്പടെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചത്. സ്ഥലംമാറ്റത്തിന് കൈക്കൂലി, സര്‍ക്കാര്‍ നയങ്ങളില്‍ സ്വാധീനം, ടെന്‍ഡറുകള്‍, തുടങ്ങി വിവിധ മേഖലകളിലെ ക്രമക്കേടുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. 

Tags