ചിക്കൻകറിയെ ചൊല്ലി തര്‍ക്കം ; ഭര്‍ത്താവിനെ അരിവാള്‍കൊണ്ട് വെട്ടിവീഴ്ത്തി ഭാര്യ
വീട്ടിലുണ്ടായിരുന്ന അരിവാള്‍ എടുത്ത ലക്ഷ്മി, ശിവാജിയുടെ കഴുത്തിന് വെട്ടി. വെട്ടേറ്റ് വീണതിനിടെ ശിവാജിയുടെ തല നിലത്തിടിച്ച് രക്തം വാർന്നൊഴുകുകയും യുവാവിന് തല്‍ക്ഷണം മരണം സംഭവിക്കുകയുമായിരുന്നു.
ഹൈദരാബാദ് : കോഴിക്കറി ഉണ്ടാക്കാത്തതില്‍ ഭാര്യയുമായി കടുത്ത തർക്കത്തിനിടെ ഭർത്താവിനെ അരിവാള്‍കൊണ്ട് വെട്ടി ഭാര്യ.തെലങ്കാനയിലെ കാമറെഡ്ഡി ടൗണ്‍. ഗോസാങ്കി കോളനി സ്വദേശിയായ കോദൻദം ശിവാജി ആണ് ഭാര്യയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ശനിയാഴ്ച രാത്രി ഒൻപതുമണിക്കാണ് അക്രമത്തിനിടയാക്കിയ സംഭവത്തിൻ്റെ തുടക്കം. അത്താഴത്തിന് കോഴിക്കറി ഉണ്ടാക്കത്തില്‍ പ്രകോപിതനായ ശിവാജി ഭാര്യ ലക്ഷ്മിയുമായി കൊമ്പുകോർക്കുകയായിരുന്നു.
തർക്കം മൂർച്ഛിച്ചതോടെ തൊട്ടടുത്തുള്ള ബന്ധുക്കളായ ദാദയ്യയും ശാരദയും വീട്ടിലെത്തി ദമ്പതികളെ അനുനയിപ്പിച്ചു. എന്നാല്‍ രണ്ടുപേരും വീട്ടില്‍നിന്ന് ഇറങ്ങിയതിന് പിന്നാലെ തർക്കം വീണ്ടും തുടങ്ങി. തൻ്റെ ഇഷ്ടത്തിനനുസരിച്ച് ഭക്ഷണം ഉണ്ടാക്കുന്നില്ലെന്ന് പറഞ്ഞ് ലക്ഷ്മിയെ കുറ്റപ്പെടുത്തിയ ശിവാജി, വീട്ടിലെ മറ്റ് പ്രശ്നങ്ങളും വലിച്ചിട്ടു.
ഇതിനിടെ, വീട്ടിലുണ്ടായിരുന്ന അരിവാള്‍ എടുത്ത ലക്ഷ്മി, ശിവാജിയുടെ കഴുത്തിന് വെട്ടി. വെട്ടേറ്റ് വീണതിനിടെ ശിവാജിയുടെ തല നിലത്തിടിച്ച് രക്തം വാർന്നൊഴുകുകയും യുവാവിന് തല്‍ക്ഷണം മരണം സംഭവിക്കുകയുമായിരുന്നു. സംഭവത്തില്‍ ശിവാജിയുടെ മൂത്ത സഹോദരൻ സുരിയുടെ പരാതിയില്‍ ബിഎൻഎസ് സെക്ഷൻ 103 (1) വകുപ്പ് ചുമത്തി കേസെടുത്ത കാമറെഡ്ഡി പൊലീസ്, തിങ്കളാഴ്ച ലക്ഷ്മിയെ അറസ്റ്റ് ചെയ്തു.
.jpg)

