ചീഫ് ജസ്റ്റിസിനെതിരായ വിവാദ പോസ്റ്റ്: കെപിസിസി ഭാരവാഹികൾക്ക് സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്
ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ കെപിസിസിയുടെ (കേരള കോൺഗ്രസ്) ഔദ്യോഗിക 'എക്സ്' (X) അക്കൗണ്ടിൽ വന്ന വിവാദ പോസ്റ്റിൽ കെപിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ള ഭാരവാഹികൾക്ക് സുപ്രീം കോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചു. അഡ്വ. വിനീത് ജിൻഡാൽ നൽകിയ പൊതുതാൽപ്പര്യ ഹർജി പരിഗണിച്ച ജസ്റ്റിസ് അരവിന്ദ് കുമാർ, ജസ്റ്റിസ് വിപുൽ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്.ഭരണഘടനയാണ് പരമോന്നതമെന്നും ഒരു വ്യക്തിയോ രാഷ്ട്രീയ സംഘടനയോ അതിന് അതീതരല്ലെന്നും കോടതി വ്യക്തമാക്കി. രാഷ്ട്രീയ സൗകര്യമനുസരിച്ച് നിർവചിക്കപ്പെടേണ്ടതല്ല ജുഡീഷ്യറിയുടെ സ്വാതന്ത്ര്യമെന്ന് ഓർമ്മിപ്പിച്ച ബെഞ്ച്, വിധിന്യായങ്ങളെ വിമർശിക്കാമെങ്കിലും ഭീഷണിപ്പെടുത്താനോ നീതിന്യായ വ്യവസ്ഥയുടെ പ്രവർത്തനങ്ങളിൽ ഇടപെടാനോ ഉള്ള മറയായി ആവിഷ്കാര സ്വാതന്ത്ര്യത്തെ കാണാൻ കഴിയില്ലെന്ന് കർശനമായി ചൂണ്ടിക്കാട്ടി.
ജുഡീഷ്യറിയുടെ അധികാരം രാഷ്ട്രീയ അംഗീകാരത്തെ ആശ്രയിച്ചല്ല നിലകൊള്ളുന്നത്. നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കാനുള്ള ഏത് ശ്രമവും ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടുമെന്നും കോടതി താക്കീത് നൽകി.ഒക്ടോബർ 12-നാണ് വിവാദമായ പോസ്റ്റ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. വ്യാപകമായ വിമർശനങ്ങൾ ഉയർന്നതിനെ തുടർന്ന് പോസ്റ്റ് നീക്കം ചെയ്യുകയും കെപിസിസി നേതൃത്വം നിരുപാധികം മാപ്പ് അപേക്ഷിക്കുകയും ചെയ്തിരുന്നു. സംഘടനാ നേതൃത്വത്തിന്റെ അറിവോ അനുവാദമോ ഇല്ലാതെ ഒരു പാർട്ടി പ്രവർത്തകൻ അപ്ലോഡ് ചെയ്തതാണെന്നും ഇയാൾക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നുമായിരുന്നു കെപിസിസിയുടെ വിശദീകരണം.
എന്നാൽ വിഷയം അതീവ ഗൗരവമായി കാണുന്നതായി വ്യക്തമാക്കിയ സുപ്രീം കോടതി, മുതിർന്ന അഭിഭാഷകരായ അരവിന്ദ് ദാതാർ, സിദ്ധാർത്ഥ് അഗർവാൾ എന്നിവരെ കേസിൽ അമിക്കസ് ക്യൂറിയായി നിയമിച്ചു. കേസ് വരുന്ന വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
.jpg)

