ഒന്നിലേറെ രസഗുള കഴിച്ചെന്നാരോപിച്ച് 11കാരനെ തന്തൂരി അടുപ്പിലേക്ക് എറിഞ്ഞ് കോണ്‍ട്രാക്ടർ ; കുട്ടിക്ക് ഗുരുതര പരിക്ക്
ലഖ്‌നൗ: വിവാഹാഘോഷ ചടങ്ങിനിടെ ഒന്നിലേറെ രസഗുള കഴിച്ചെന്നാരോപിച്ച് പതിനൊന്നുകാരനെ തന്തൂരി അടുപ്പിലേക്ക് എറിഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ കുട്ടി ലഖ്‌നൗ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. നിലവില്‍ കുട്ടി അപകടനില തരണം ചെയ്‌തെന്ന് പൊലീസ് പറഞ്ഞു.
മലൗലി ഗോസായി ഗ്രാമത്തില്‍ ഏപ്രില്‍ 15നായിരുന്നു സംഭവം. മുത്തശ്ശിക്കൊപ്പമായിരുന്നു പതിനൊന്നുകാരനായ ചമന്‍ ബന്ധുവീട്ടില്‍ വിവാഹത്തിനെത്തിയത്. ഫുഡ് കൗണ്ടറില്‍ നിന്നും ചമന്‍ തുടര്‍ച്ചയായി രസഗുള എടുക്കുന്നത് കാറ്ററിംഗ് കോണ്‍ട്രാക്ടറുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഇതില്‍ പ്രകോപിതനായി കോണ്‍ട്രാക്ടര്‍ ചമനെ എടുത്ത് തന്തൂരി അടുപ്പിന് മേല്‍ വെച്ചു. ഇതിനിടെ നടന്ന പിടിവലിക്കിടെ കുട്ടി നിലതെറ്റി തന്തൂരി അടുപ്പിലേക്ക് വീഴുകയായിരുന്നു.
കുട്ടിയുടെ നിലവിളി കേട്ട് സ്ഥലത്തേക്ക് ഓടിയെത്തിയ ബന്ധുക്കളാണ് ചമനെ അടുപ്പില്‍ നിന്നും പുറത്തെടുത്തത്. ഗുരുതരമായി പൊള്ളലേറ്റ നിലയിലായിരുന്നു കുട്ടിയുടെ ശരീരം. അയോധ്യ മെഡിക്കല്‍ കോളേജിലായിരുന്നു കുഞ്ഞിനെ ആദ്യം പ്രവേശിപ്പിച്ചത്. പിന്നാലെ ലഖ്‌നൗ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കുട്ടിയുടെ ബന്ധുവിന്റെ പരാതിയില്‍ കാറ്ററിംഗ് കോണ്‍ട്രാക്ടര്‍ക്കെതിരെ കേസെടുക്കുകയും പിന്നാലെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
.jpg)

