മണ്ഡല പുനർനിർണയ ബില്ല്; ഡിഎംകെക്കും എൻസിപിക്കുമെതിരെ എൻ.കെ. പ്രേമചന്ദ്രൻ രംഗത്ത്

Constituency Delimitation Bill;   NK Premachandran against DMK and NCP

ന്യൂഡൽഹി: മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കാനുള്ള ഡിഎംകെയുടെയും എൻസിപി ശരദ് പവാർ വിഭാഗത്തിന്റെയും നിലപാടുകളിൽ വിസ്മയവും അത്ഭുതവും പ്രകടിപ്പിച്ച് ആർഎസ്പി നേതാവും എംപിയുമായ എൻ.കെ. പ്രേമചന്ദ്രൻ. മണ്ഡല പുനർനിർണയത്തിനെതിരെ ആദ്യമായി പ്രതിഷേധ കൺവെൻഷൻ സംഘടിപ്പിച്ചത് ഡിഎംകെയായിരുന്നുവെന്നും, എന്നാൽ ഇപ്പോഴത്തെ നിലപാട് ദ്രാവിഡ രാഷ്ട്രീയത്തിന് വിപരീതമാണെന്നും അദ്ദേഹം പറഞ്ഞു. ഡിഎംകെയ്ക്ക് ഇതിലൂടെ എന്ത് രാഷ്ട്രീയ നേട്ടമാണ് ലഭിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും, എൻസിപി ശരദ് പവാർ വിഭാഗത്തിന്റെ നിലപാടും അത്ഭുതപ്പെടുത്തുന്നതാണെന്നും പ്രേമചന്ദ്രൻ വ്യക്തമാക്കി.

വനിതാ സംവരണം നടപ്പിലാക്കാനുള്ള മറവിലൂടെയാണ് കേന്ദ്ര സർക്കാർ മണ്ഡല പുനർനിർണയം കൊണ്ടുവരുന്നത്. നിലവിലുള്ള 543 അംഗ ലോക്‌സഭയിൽ എന്തുകൊണ്ട് വനിതാ സംവരണം നടപ്പിലാക്കുന്നില്ലെന്നും, അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉത്തരേന്ത്യയിൽ വിജയിക്കാനുള്ള ബിജെപിയുടെ ദുരുദ്ദേശമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡിഎംകെയും എൻസിപി ശരദ് പവാർ വിഭാഗവും ഭരണകക്ഷിയെ അനുകൂലിച്ചാലും ബിൽ പാസാക്കാനുള്ള ആവശ്യമായ അംഗസംഖ്യ ലഭിക്കില്ലെന്നും, മറ്റേതെങ്കിലും കക്ഷികളെ പിളർത്താനുള്ള നീക്കങ്ങൾ ഉണ്ടോ എന്ന് അറിയില്ലെന്നും എൻ.കെ. പ്രേമചന്ദ്രൻ കൂട്ടിച്ചേർത്തു.

അതേസമയം, ബില്ലിനെ പിന്തുണയ്ക്കാനുള്ള തീരുമാനത്തെ ന്യായീകരിച്ച് ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ രംഗത്തെത്തി. ഡിഎംകെ മുന്നോട്ടുവെച്ച നിർദേശങ്ങൾ കേന്ദ്രം അംഗീകരിച്ചത് തങ്ങളുടെ പോരാട്ടത്തിന്റെ വിജയമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ലോക്‌സഭാ സീറ്റുകളുടെ എണ്ണത്തിൽ 50 ശതമാനം വർധന വരുത്തുന്നത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം വർധിപ്പിക്കാൻ സഹായിക്കും. ബിൽ വിശദമായി പഠിച്ച ശേഷമാണ് പിന്തുണയ്ക്കാൻ തീരുമാനിച്ചതെന്നും എം.കെ. സ്റ്റാലിൻ എക്സിൽ (X) കുറിച്ചു.

Tags