യുഡിഎഫിലും ഐക്യം ഉറപ്പിക്കണം; ഇടപെടാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്


ഘടക കക്ഷി നേതാക്കളുടെ അഭിപ്രായം രാഹുല്‍ ഗാന്ധി പരിശോധിക്കും
തിരുവനന്തപുരം: യുഡിഎഫിലും ഐക്യം ഉറപ്പിക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തിന് ശേഷം പാര്‍ട്ടിയില്‍ ഐക്യം രൂപപ്പെട്ടു എന്ന വിലയിരുത്തലിന് ശേഷമാണ് മുന്നണിയിലെ ഐക്യത്തിന് വേണ്ടിയുള്ള നീക്കത്തിന് ഹൈക്കമാന്‍ഡ് ഇടപെടുന്നത്.
യുഡിഎഫ് ഘടക കക്ഷികളുടെ അഭിപ്രായം സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദീപാ ദാസ് മുന്‍ഷി രാഹുല്‍ ഗാന്ധിയെ ധരിപ്പിക്കും. ഘടക കക്ഷി നേതാക്കളുടെ അഭിപ്രായം രാഹുല്‍ ഗാന്ധി പരിശോധിക്കും.കോണ്‍ഗ്രസ്സിലെ ഭിന്നതയില്‍ ഘടക കക്ഷികള്‍ അതൃപ്തി അറിയിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് അഭിപ്രായം തേടാന്‍ ദീപാ ദാസ് മുന്‍ഷിയെ ചുമതലപ്പെടുത്തിയത്. ഐക്യം ഉറപ്പിച്ചില്ലെങ്കില്‍ തിരിച്ചടി ഉണ്ടാകുമെന്ന ആശങ്കയാണ് ഘടകകക്ഷികള്‍ അറിയിച്ചത്. തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. രണ്ടു ദിവസം നീണ്ട കൂടിക്കാഴ്ചകള്‍ക്ക് ശേഷം ദീപ ദാസ് മുന്‍ഷി ദില്ലിയില്‍ എത്തി.
