നവംബര്‍ ഒന്നിലെ റാലിയില്‍ മാറ്റമില്ലെന്ന നിലപാടില്‍ ഉറച്ച് കോണ്‍ഗ്രസ്

Congress

റാലി മാറ്റണമെന്ന ചേംബര്‍ ഓഫ് ട്രേഡ് ആന്റ് ഇന്‍ഡസ്ട്രീസിന്റെ കത്ത് തള്ളിയാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

നവംബര്‍ ഒന്നിലെ റാലിയില്‍ മാറ്റമില്ലെന്ന നിലപാടില്‍ ഉറച്ച് കോണ്‍ഗ്രസ്. 30 മുതല്‍ ദില്ലിയിലുണ്ടാകണമെന്നാവശ്യപ്പെട്ട് സഖ്യകക്ഷി നേതാക്കള്‍ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ കത്ത് നല്‍കി. റാലി മാറ്റണമെന്ന ചേംബര്‍ ഓഫ് ട്രേഡ് ആന്റ് ഇന്‍ഡസ്ട്രീസിന്റെ കത്ത് തള്ളിയാണ് കോണ്‍ഗ്രസിന്റെ തീരുമാനം. റാലിയില്‍ 10 ലക്ഷം പേരെ പങ്കെടുപ്പിക്കാനും കോണ്‍ഗ്രസ് ആലോചിക്കുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ 30-ലെ പ്രതീകാത്മക വിചാരണയില്‍ മുന്‍ ജഡ്ജിമാരെയടക്കം പങ്കെടുപ്പിക്കും. ശൈത്യകാല സമ്മേളനത്തിലും ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കും.

പ്രതിപക്ഷത്തിന്റെ മഹാറാലി പ്രഖ്യാപനം സിഖ് വിഭാഗക്കാര്‍ക്ക് എതിരെന്ന വിമര്‍ശനം ബിജെപി ശക്തമാക്കുമ്പോഴും പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് പ്രതിപക്ഷം. സിഖ് കലാപത്തിന്റെ വാര്‍ഷിക ദിനത്തില്‍ മഹാറാലി പ്രഖ്യാപിച്ച കോണ്‍ഗ്രസ് മുറിവില്‍ ഉപ്പ് തേക്കുകയാണെന്ന വിമര്‍ശനമാണ് ബിജെപി ഉയര്‍ത്തിയത്. പ്രതിപക്ഷം ഒരിടവേളയ്ക്ക് ശേഷം വീണ്ടും സമരം തുടങ്ങാനിരിക്കേയാണ് സിഖ് വികാരം ഉണര്‍ത്തി വിമര്‍ശനം കടുപ്പിക്കാനുള്ള ബിജെപി ശ്രമം.

Tags