11 വർഷമായി ഭരണഘടനയുടെ എല്ലാ പേജുകളിലും സ്വേച്ഛാധിപത്യത്തിന്റെ മഷി പുരട്ടുകയാണ് സർക്കാർ ചെയ്യുന്നത് : കോൺഗ്രസ്


ന്യൂഡൽഹി: 11 വർഷമായി ഭരണഘടനയുടെ എല്ലാ പേജുകളിലും സ്വേച്ഛാധിപത്യത്തിന്റെ മഷി പുരട്ടുകയാണ് സർക്കാർ ചെയ്യുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മൂന്നാം മോദി സർക്കാറിന്റെ ഒന്നാം വാർഷിക ദിനത്തിൽ എക്സിൽ കുറിച്ച പോസ്റ്റിലാണ് ഖാർഗെയുടെ വിമർശനം. നരേന്ദ്ര മോദി സർക്കാർ 2025നെക്കുറിച്ച് സംസാരിക്കുന്നത് നിർത്തി ഇപ്പോൾ 2047ന്റെ സ്വപ്നങ്ങൾ വിൽക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എക്സിൽ കുറിച്ചു.
tRootC1469263">വിവിധ മേഖലകളിൽ നടപ്പാക്കിയെന്ന് പറയുന്ന അവകാശവാദങ്ങളെ ഖണ്ഡിച്ച് ‘വ്യാജ വാഗ്ദാനങ്ങളുടെ 11 വർഷങ്ങൾ’ എന്ന പേരിൽ കോൺഗ്രസ് ഗവേഷണ വിഭാഗം രണ്ട് ബുക്ക്ലെറ്റുകളും പുറത്തിറക്കി. ‘മേക്ക് ഇൻ ഇന്ത്യ’ ‘ഫേക്ക് ഇൻ ഇന്ത്യ’ ആയും, ‘സ്റ്റാർട്ടപ്പ് ഇന്ത്യ’ ‘ഷട്ട്ഡൗൺ ഇന്ത്യ’ ആയും മാറിയെന്ന് ബുക്ക്ലെറ്റിൽ സമർഥിക്കുന്നു.

11 വർഷത്തെ ഭരണം രാജ്യത്തിന്റെ ജനാധിപത്യത്തിനും സമ്പദ്വ്യവസ്ഥക്കും സാമൂഹിക ഘടനക്കും കനത്ത പ്രഹരമേൽപ്പിച്ചുവെന്ന് ഖാർഗെ കുറിച്ചു. ബി.ജെ.പിയും ആർ.എസ്.എസും ചേർന്ന് എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും ദുർബലപ്പെടുത്തി. അവയുടെ സ്വയംഭരണത്തെ അവതാളത്തിലാക്കി.
വെറുപ്പിന്റെയും ഭീഷണിയുടെയും ഭയത്തിന്റെയും അന്തരീക്ഷം പ്രചരിപ്പിക്കാനുള്ള ശ്രമങ്ങൾ നിരന്തരം നടക്കുന്നു. ദലിത്, ആദിവാസി, പിന്നാക്ക, ന്യൂനപക്ഷ, ദുർബല വിഭാഗങ്ങൾക്കെതിരെ ചൂഷണം വർധിച്ചു. സംവരണവും തുല്യ അവകാശങ്ങളും നിഷേധിക്കാനുള്ള ഗൂഢാലോചന തുടരുന്നു. മണിപ്പൂരിൽ അവസാനിക്കാത്ത അക്രമം ബി.ജെ.പിയുടെ ഭരണ പരാജയത്തിന്റെ ഏറ്റവും വലിയ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.