മോദി സർക്കാറിനുകീഴിൽ രാജ്യത്തെ പരീക്ഷാ സംവിധാനം പൂർണമായും തകർന്നു : കോൺഗ്രസ്
ന്യൂഡൽഹി: മോദി സർക്കാറിനുകീഴിൽ രാജ്യത്തെ പരീക്ഷാ സംവിധാനം പൂർണമായും അരാജകത്വത്തിന്റെയും അവിശ്വാസത്തിന്റെയും പ്രതീകമായി മാറിയിരിക്കുകയാണെന്ന് കോൺഗ്രസ്. രാജസ്ഥാനിലെ സിക്കറിൽ പരീക്ഷക്കുമുമ്പ് പ്രചരിച്ച മാതൃക ചോദ്യപേപ്പറിലെ 135 ചോദ്യങ്ങൾ നീറ്റ് പരീക്ഷ പേപ്പറുമായി നേരിട്ട് ഒത്തുപോകുന്നത് ഞെട്ടിക്കുന്നതാണെന്നും ഇത് പരസ്യമായി വിൽക്കപ്പെട്ടിട്ടും കേന്ദ്ര സർക്കാർ അറിഞ്ഞില്ലേ എന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചോദിച്ചു.
2016, 2021, 2024, ഇപ്പോൾ 2026 എന്നിങ്ങനെ ഇതുവരെ നാല് തവണയെങ്കിലും നീറ്റ് പേപ്പർ ചോർന്നു. ബി.ജെ.പി ഭരണത്തിൽ കഴിഞ്ഞ കുറെ വർഷങ്ങളായി പരീക്ഷകളിൽ നിലനിൽക്കുന്ന അഴിമതി രാജ്യത്തെ യുവാക്കളുടെ ഭാവി കവരുകയാണ്. ഇത്തവണയും ഏകദേശം 23 ലക്ഷത്തോളം വിദ്യാർഥികളുടെ ഭാവിയാണ് പന്താടപ്പെട്ടത്. കോടിക്കണക്കിന് യുവാക്കളുടെ സ്വപ്നങ്ങൾ തകർക്കുന്നത് ബി.ജെ.പി ശീലമാക്കി മാറ്റിയിരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജോലി നൽകാൻ തയാറാകാത്ത സർക്കാർ, പരീക്ഷകളിൽ ക്രമക്കേട് നടത്തുകയും പേപ്പർ ചോർച്ചാ മാഫിയകളെ സംരക്ഷിക്കുകയുമാണ് ചെയ്യുന്നതെന്ന് പ്രിയങ്ക ഗാന്ധി എക്സിൽ കുറിച്ചു. തട്ടിപ്പുകൾ പിടിക്കപ്പെടുമ്പോൾ കാര്യങ്ങൾ മൂടിവെക്കാൻ അധികൃതർ ശ്രമിക്കുന്നു. യുവാക്കളുടെ ഭാവി ഇത്തരത്തിൽ നശിപ്പിക്കുന്നതിന് പ്രധാനമന്ത്രി മറുപടി പറയണമെന്നും ഈ അഴിമതി പരമ്പര എപ്പോൾ അവസാനിക്കുമെന്നും പ്രിയങ്ക ചോദിച്ചു.
.jpg)

