ഡൽഹി സന്ദർശിക്കുന്ന കോൺഗ്രസ് എം.എൽ.എമാർ അച്ചടക്കം പാലിക്കണംപാർട്ടിയുടെ പ്രതിച്ഛായക്ക് കോട്ടം വരുത്തുന്ന പരസ്യ പ്രസ്താവനകൾ നടത്തരുത് : ഡി.കെ. ശിവകുമാർ
ബംഗളൂരു : മന്ത്രിസഭാ പുനഃസംഘടനക്കായി ന്യൂഡൽഹി സന്ദർശിക്കുന്ന കോൺഗ്രസ് എം.എൽ.എമാർ പാർട്ടി അച്ചടക്കം പാലിക്കണമെന്നും പാർട്ടിയുടെ പ്രതിച്ഛായക്ക് കോട്ടം വരുത്തുന്ന പരസ്യ പ്രസ്താവനകൾ നടത്തരുതെന്നും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തിങ്കളാഴ്ച കോൺഗ്രസ് എം.എൽ.എമാരോട് ആവശ്യപ്പെട്ടു. എം.എൽ.എമാർ പാർട്ടി ഹൈക്കമാൻഡിനെ കാണുന്നതിൽ തെറ്റൊന്നുമില്ല. പക്ഷേ അവരുടെ ആവശ്യങ്ങൾ ഉന്നയിക്കുന്ന സമയവും രീതിയും പരമ പ്രധാനമാണെന്നും എല്ലാവരുടെയും ഭാവി നിർണയിക്കുന്നത് പാർട്ടിയാണെന്നും ശിവകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അനാവശ്യ പ്രസ്താവനകൾ നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കും. എം.എൽ.എമാരിൽ ചിലർ താനുമായി കൂടിയാലോചന നടത്തി മന്ത്രിപദത്തെക്കുറിച്ച് സംസാരിച്ചിരുന്നു. അവരോട് ഇക്കാര്യം ചോദിക്കുന്നതിൽ തെറ്റില്ല എന്നും ആദ്യ തവണയോ രണ്ടാം തവണയോ മന്ത്രിമാരാകാം എന്നും ഇപ്പോൾ ഇത് സംസാരിക്കേണ്ട സമയമല്ലെന്നും മറുപടി നൽകിയതായി അദ്ദേഹം പറഞ്ഞു.
നിയമസഭാംഗങ്ങൾ ഡൽഹി സന്ദർശിക്കുന്നതിൽ തെറ്റൊന്നുമില്ലെന്നും മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച തീരുമാനം പാർട്ടി ഹൈക്കമാൻഡിൻറെതാണെന്നും അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളും ബജറ്റ് സമ്മേളനവും കാരണമായിരിക്കാം വൈകിയതെന്നും ഞായറാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞിരുന്നു. കോൺഗ്രസ് സർക്കാറിൻറെ കാലാവധി രണ്ടര വർഷം പിന്നിട്ടതോടെ മന്ത്രിസഭ പുനഃസംഘടനയെക്കുറിച്ച് ഭരണകക്ഷിയായ കോൺഗ്രസിനുള്ളിൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് എം.എൽ.എമാരുടെ ഡൽഹി സന്ദർശനം എന്നത് പ്രാധാന്യമർഹിക്കുന്നു.
.jpg)

