മാവോയിസ്റ്റ് ആക്രമണത്തിൽ കോൺഗ്രസിനുള്ളിലെ ചിലർക്ക് പങ്കുണ്ട് ; വെളിപ്പെടുത്തലുമായി ജെ.പി. നദ്ദ

jp nadda
jp nadda

ഛത്തീസ്ഗഢ് : 2013-ൽ നടന്ന ജിറാം ഘാട്ടി മാവോയിസ്റ്റ് ആക്രമണത്തിൽ കോൺഗ്രസിനുള്ളിലെ ചിലർക്ക് പങ്കുണ്ടെന്ന ബിജെപി അധ്യക്ഷൻ ജെ.പി. നദ്ദയുടെ വെളിപ്പെടുത്തൽ ഛത്തീസ്ഗഢ് രാഷ്ട്രീയത്തിൽ പുതിയ കൊടുങ്കാറ്റ് ഉയർത്തുകയാണ് . വിഷ്ണു ദിയോ സായ് സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ജഞ്ച്ഗിർ-ചമ്പയിൽ സംഘടിപ്പിച്ച ‘ജനദേശ് പരബ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

tRootC1469263">

2013-ലെ ആക്രമണ സമയത്ത് താൻ ഛത്തീസ്ഗഢിന്റെ പാർട്ടി ചുമതലയിലായിരുന്നുവെന്ന് നദ്ദ ഓർമ്മിപ്പിച്ചു. “വളരെ ഉത്തരവാദിത്തത്തോടെയാണ് ഞാൻ ഇത് പറയുന്നത്. ജിറാം ഘാട്ടി സംഭവത്തിൽ കോൺഗ്രസിനുള്ളിലെ ചിലർ തന്നെയാണ് വിവരങ്ങൾ ചോർത്തി നൽകിയത്. സ്വന്തം നേതാക്കളെ നക്സലൈറ്റുകൾക്ക് ഒറ്റിക്കൊടുത്തത് സ്വന്തം അണികളിലെ ചിലർ തന്നെയായിരുന്നു,” നദ്ദ ആരോപിച്ചു. സംരക്ഷകർ തന്നെ വേട്ടക്കാരായി മാറിയാൽ സാധാരണക്കാർ എന്ത് ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു.

മുൻ കോൺഗ്രസ് സർക്കാരുകൾ മാവോയിസ്റ്റുകളുമായി ‘സൗഹൃദം’ പുലർത്തിയിരുന്നപ്പോൾ, പ്രധാനമന്ത്രി മോദിയുടെ കീഴിലുള്ള ഇരട്ട എഞ്ചിൻ സർക്കാർ മാവോയിസത്തിന്റെ നട്ടെല്ല് തകർക്കുകയാണെന്ന് നദ്ദ അവകാശപ്പെട്ടു. വിഷ്ണു ദിയോ സായ് മുഖ്യമന്ത്രിയായ കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ 2,500 നക്സലൈറ്റുകൾ കീഴടങ്ങിയെന്നും ഹിഡ്മ, ബസവരാജു തുടങ്ങിയ ഉന്നത നേതാക്കളെ നിർവീര്യമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2026 മാർച്ചിനുള്ളിൽ രാജ്യത്ത് നിന്ന് മാവോയിസത്തെ തുടച്ചുനീക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനവും അദ്ദേഹം ആവർത്തിച്ചു.

2013 മെയ് 25-നാണ് ബസ്തർ ജില്ലയിലെ ജിറാം താഴ്‌വരയിൽ വെച്ച് കോൺഗ്രസിന്റെ ‘പരിവർത്തൻ റാലി’ക്ക് നേരെ മാവോയിസ്റ്റ് ആക്രമണം ഉണ്ടായത്. അന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷനായിരുന്ന നന്ദ് കുമാർ പട്ടേൽ, മഹേന്ദ്ര കർമ്മ, മുൻ കേന്ദ്രമന്ത്രി വിദ്യാചരൺ ശുക്ല എന്നിവരുൾപ്പെടെ 32 പേർ കൊല്ലപ്പെട്ടിരുന്നു.

അതേസമയം നദ്ദയുടെ പ്രസ്താവനയ്ക്കെതിരെ മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. രക്തസാക്ഷികളെ അപമാനിക്കുന്ന പ്രസ്താവനയാണിതെന്നും നദ്ദയുടെ കൈവശം തെളിവുണ്ടെങ്കിൽ എൻഐഎയെ ഏൽപ്പിക്കണമെന്നും ബാഗേൽ ആവശ്യപ്പെട്ടു. ബിജെപി ഭരണകാലത്താണ് ഈ സുരക്ഷാ വീഴ്ച ഉണ്ടായതെന്നും കോൺഗ്രസ് ആരോപിച്ചു.

 

Tags