മുസ്ലീം സമൂഹത്തെ അപമാനിച്ചുവെന്നാരോപിച്ച് വിജയ് സംഘടിപ്പിച്ച നൊമ്പുതുറയ്‌ക്കെതിരെ പോലീസില്‍ പരാതി

Vijay hosts Iftar party during Ramadan
Vijay hosts Iftar party during Ramadan

തമിഴ്നാട് സുന്നത്ത് ജമാഅത്തിന്റെ സംസ്ഥാന ട്രഷറര്‍ സയ്യിദ് ഗൗസാണ് പരാതി നല്‍കിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ചെന്നൈയില്‍ നടനും രാഷ്ട്രീയ നേതാവുമായി വിജയ് നടത്തിയ ഇഫ്താര്‍ വിരുന്നിനെതിരെ പരാതി. മുസ്ലീം സമൂഹത്തെ അപമാനിച്ചുവെന്നാരോപിച്ചാണ് വിജയ്‌ക്കെതിരെ പോലീസ് പരാതി ലഭിച്ചത് എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മതവികാരം വ്രണപ്പെടുത്തിയതിന് വിജയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സുന്നത്ത് ജമാഅത്ത് ചെന്നൈ പോലീസ് കമ്മീഷണറുടെ ഓഫീസിലാണ് പരാതി നല്‍കിയത്.

തമിഴ്നാട് സുന്നത്ത് ജമാഅത്തിന്റെ സംസ്ഥാന ട്രഷറര്‍ സയ്യിദ് ഗൗസാണ് പരാതി നല്‍കിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിജയ് നടത്തിയ ഇഫ്താര്‍ പരിപാടി അധിക്ഷേപകരവും മുസ്ലീം സമൂഹത്തിന്റെ വികാരത്തെ വൃണപ്പെടുത്തുന്നതാണെന്നും ഗൗസ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. 

നോമ്പുമായോ ഇസ്ലാമിക ആചാരങ്ങളുമായോ യാതൊരു ബന്ധവുമില്ലാത്ത വ്യക്തികള്‍, 'മദ്യപാനികളും റൗഡികളും' ഉള്‍പ്പെടെ, ചടങ്ങില്‍ പങ്കെടുത്തിരുന്നുവെന്നും, അത് ഇഫ്താറിന്റെ പവിത്രതയെ അപമാനിക്കുന്നതാണെന്നും ഇയാള്‍ ആരോപിച്ചു.

'വിജയ് യുടെ തമിഴക വെട്രി കഴകം (ടിവികെ) സംഘടിപ്പിച്ച ഇഫ്താര്‍ പരിപാടിയില്‍ നോമ്പിന്റെയും ഇഫ്താറിന്റെയും മതപരമായ പ്രാധാന്യത്തെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്ത ആളുകളാണ് പങ്കെടുത്തത്. അവരുടെ പങ്കാളിത്തം മുസ്ലീങ്ങള്‍ക്ക് അനാദരവും അരോചകവുമായിരുന്നു' ഗൗസ് ആരോപിച്ചു. പരിപാടിക്ക് ശരിയായ ക്രമീകരണങ്ങള്‍ ചെയ്യുന്നതില്‍ വിജയ് പരാജയപ്പെട്ടുവെന്നും ഇത് പങ്കെടുത്തവര്‍ക്ക്  അസ്വസ്ഥത സൃഷ്ടിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

Tags