പീഡനം സ്വപ്‌നം കണ്ടതെന്ന് പരാതിക്കാരി; യുപിയിൽ പോക്‌സോ കേസില്‍ വ്യോമസേന ഉദ്യോഗസ്ഥനെ വെറുതെവിട്ടു

court

കാൻപുർ:  ഉത്തർപ്രദേശിൽ ഭാര്യയുടെ പ്രായപൂർത്തിയാകാത്ത സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ വ്യോമസേനാ ഉദ്യോഗസ്ഥൻ അനുരാഗ് ശുക്ലയെ  പ്രത്യേക കോടതി വെറുതേവിട്ടു. പീഡനമുണ്ടായെന്നത് തനിക്ക് സ്വപ്നത്തിൽ തോന്നിയതാണെന്നും തെറ്റിദ്ധാരണയുടെ പുറത്ത് ഒച്ചവെച്ചതാണെന്നുമുള്ള പെൺകുട്ടിയുടെ മൊഴികണക്കിലെടുത്താണ് വിധി.

2019 ഓഗസ്റ്റ് മൂന്നിനാണ് അനുരാഗ് ശുക്ലയ്‌ക്കെതിരേ നൗബസ്ത പോലീസ് സ്റ്റേഷനിൽ 15-കാരി പരാതി നൽകിയത്. അക്കൊല്ലം മാർച്ച് എട്ടിന് സഹോദരിയുടെ വീട്ടിൽ കഴിയുമ്പോൾ ശുക്ല പീഡിപ്പിച്ചെന്നായിരുന്നു പരാതി. എന്നാൽ, ആന്റിബയോട്ടിക് മരുന്നുകൾ കഴിച്ചിരുന്നതിനാൽ, അർധബോധാവസ്ഥയിലായിരുന്നെന്നും ശുക്ല പീഡിപ്പിച്ചെന്ന് സ്വപ്നംകണ്ടാണ് ഒച്ചയുണ്ടാക്കിയതെന്നും വിചാരണവേളയിൽ പെൺകുട്ടി മൊഴിനൽകി. തെറ്റിദ്ധാരണയുടെ പുറത്താണ് പരാതിനൽകിയതെന്ന് പെൺകുട്ടിയുടെ പിതാവും സഹോദരിയും പറഞ്ഞു.

2019 സെപ്റ്റംബർ 29-ന് അറസ്റ്റിലായ താൻ 19 ദിവസം ജയിലിൽകിടന്നെന്നും അക്കൊല്ലം ഒക്ടോബർ 17-നാണ് ജാമ്യം ലഭിച്ചതെന്നും ശുക്ല പറഞ്ഞു. പിന്നീടാണ് പോക്‌സോ നിയമപ്രകാരം കുറ്റപത്രം സമർപ്പിച്ചത്.

Tags