കോമൺവെൽത്ത് ഗെയിംസ് പോരാട്ടങ്ങൾക്ക് കൊടിയിറങ്ങി; 39 മെഡൽ നേട്ടവുമായി ഇന്ത്യ
ലണ്ടൻ: കോമൺവെൽത്ത് ഗെയിംസ് പോരാട്ടങ്ങൾക്ക് കൊടിയിറങ്ങി. മെഡൽ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്താണ്. 13 സ്വർണവും 17 വെള്ളിയും 9 വെങ്കലവും ഉൾപ്പെടെ 39 മെഡലുകളാണ് ഇന്ത്യ നേടിയത്. 171 മെഡലുകളുമായി ഓസ്ട്രേലിയയാണ് ഒന്നാമത്. ഇംഗ്ലണ്ട് (110) കാനഡ (62) എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നിൽ. സമാപന ചടങ്ങിൽ ബോക്സിങ് സ്വർണം നേടിയ ജയ്സ്മിൻ ലംബോറിയയാണ് ഇന്ത്യൻ പതാകയേന്തിയത്. അടുത്ത കോമൺവെൽത്ത് ഗെയിംസിന് ഇന്ത്യയാണ് വേദിയാകുന്നത്. 2030ൽ ഗുജറാത്തിലെ അഹമ്മദാബാദിലാണ് അടുത്ത കോമൺവെൽത്ത് ഗെയിംസ് അരങ്ങേറുന്നത്. കോമൺവെൽത്ത് ഗെയിംസിന്റെ നൂറാം വാർഷികത്തിലാണ് അഹമ്മദാബാദ് വേദിയാകുന്നത് എന്നതും ശ്രദ്ധേയമാണ്. ഗ്ലാസ്ഗോയിലെ സമാപചന ചടങ്ങിൽ വച്ച് അടുത്ത ഗെയിംസിനായുള്ള ബാറ്റണും പതാകയും ഇന്ത്യയ്ക്ക് കൈമാറി.
സാമ്പത്തിക പരിമിതികളെ തുടർന്നു ഇത്തവണ മത്സര ഇനങ്ങൾ വെട്ടിച്ചുരുക്കിയാണ് ഗെയിംസ് അരങ്ങേറിയത്. 10 ഇനങ്ങളിൽ മാത്രമാണ് പോരാട്ടങ്ങൾ അരങ്ങേറിയത്. കഴിഞ്ഞ തവണ ബർമിങ്ഹാമിൽ 19 മത്സര ഇനങ്ങൾ ഉണ്ടായിരുന്നു. അതിനാൽ തന്നെ ഇന്ത്യയെ സംബന്ധിച്ച് സമീപ കാലത്തെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്തവണ കണ്ടത്. ബോക്സിങ് റിങിൽ ഇന്ത്യയുടെ സർവാധിപത്യവും ഇത്തവണ കണ്ടു. 10 താരങ്ങൾ ഫൈനൽ കളിച്ചപ്പോൾ അതിൽ 7 സ്വർണവും 3 വെള്ളിയും ഇന്ത്യ വാരിക്കൂട്ടി. കോമൺവെൽത്ത് ഗെയിംസിന്റെ ചരിത്രത്തിലെ തന്നെ ഇന്ത്യയുടെ ഏറ്റവും മികച്ച ബോക്സിങ് പ്രകടനമാണ് ഗ്ലാസ്ഇഗോയിൽ കണ്ടത്.
ബോക്സിങിനൊപ്പം ജൂഡോയിലും ഇതാദ്യമായി ഇന്ത്യൻ താരങ്ങൾ വെട്ടിത്തിളങ്ങി. ഈയിനത്തിൽ ഇന്ത്യക്ക് 2 സ്വർണം, ഓരോ വെള്ളി, വെങ്കലം മെഡലുകളുണ്ട്. അത്‍ലറ്റിക്സിലും പാരാ അത്‌ലറ്റിക്സിലുമായി ഇന്ത്യ 16 മെഡലുകളും വാരി. 5000, 10000 മീറ്ററുകളിൽ വെള്ളി, വെങ്കലം മെഡലുകൾ നേടി ഗുൽവീർ സിങ് ഒരു കോമൺവെൽത്ത് ഗെയിംസ് പതിപ്പിൽ അത്‍ലറ്റിക്സിൽ ഇരട്ട മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമായി. ഡെക്കാത്‍ലണിൽ വെങ്കലം നേടി തേജസ്വിൻ ശങ്കർ ഈയിനത്തിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമായും മാറി.
.jpg)

