ഭാര്യ മരിച്ച സങ്കടത്തിൽ നിന്നും കരകേറാനായില്ല; ഭോപ്പാലിൽ അച്ഛനും മകളും ആത്മഹത്യ ചെയ്തു

death
death

ഭോപ്പാൽ: ഭോപ്പാലിൽ 82 വയസുകാരനായ ഹോമിയോപ്പതി ഡോക്ടറെയും 36 കാരിയായ മകളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഡോക്ടർ ഹരികിഷൻ ശർമ, മകൾ ചിത്ര എന്നിവരാണ് മരിച്ചത്. ഞായറാഴ്ച്ചാണ് സംഭവം. വീട്ടിൽ നിന്ന് ഡോക്ടർ എഴുതിയ ഒരു ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. പഠനത്തിനായി അവരുടെ ശരീരം ദാനം ചെയ്യണമെന്നാണ് കത്തിൽ പറയുന്നതെന്ന് പൊലീസ് പറഞ്ഞു. 

നാല് പേജുകളിലായാണ് ആത്മഹത്യാക്കുറിപ്പുള്ളത്. നാല് വർഷം മുൻപ് തന്റെ ഭാര്യ മരിച്ച സങ്കടത്തിൽ നിന്നും കരകേറാനായില്ലെന്നും ഹോമിയോപ്പതി ഡോക്ടർ കൂടിയായ മകൾ അമ്മയെ നഷ്ടപ്പെട്ടതിനെ തുടർന്ന് വിഷാദത്തിൽ തുടരുകയാണെന്നുമാണ് കുറിപ്പിലുള്ളത്. 

ഡോക്ടർ ഹരികിഷൻ ശർമ തൂങ്ങി മരിച്ചുവെന്നും എന്നാൽ ഡോക്ടർ ചിത്ര എങ്ങനെയാണ് മരിച്ചതെന്ന് വ്യക്തമല്ലെന്നും ഏരിയ പൊലീസ് ഇൻസ്പെക്ടർ അവധേഷ് സിംഗ് തോമർ പിടിഐയോട് പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൃതശരീരങ്ങൾ മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കാനായി ഭോപ്പാൽ  എയിംസിലേക്ക് വിട്ടു നൽകണമെന്നും കത്തിലുണ്ട്. 

ഭാര്യയുടെ മരണം മാനസികമായി തകർത്തെന്നും കൂടാതെ, വിഷാദരോഗവുമായി മല്ലിടുന്ന മകളെ പരിപാലിക്കുന്നതും തൻ്റെ മരണശേഷം മകളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കയിലാകാം ആത്മഹത്യയെന്നും പൊലീസ് കൂട്ടിച്ചേർത്തു. നേരത്തെ ഡോക്ടർ ഹരികിഷൻ ശർമയ്ക്ക് അവരുടെ മകനെ നഷ്ടപ്പെട്ടിരുന്നു. കൊവിഡ് കാലത്ത് അച്ഛനും മകളും ഒരു പോലെ സന്നദ്ധ പ്രവർത്തനങ്ങൾ നടത്തിയിരുന്നുവെന്നും പൊലീസിനടക്കം വളരെ സഹായകമായിരുന്നുവെന്നും അവധേഷ് സിംഗ് തോമർ പറഞ്ഞു. 

ചികിത്സയ്ക്കായി എത്തിയ ഒരു രോഗി അരമണിക്കൂറോളം ബെല്ലടിച്ചിട്ടും വാതിൽ തുറക്കാത്തതിനെത്തുടർന്ന് അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു. അവർ വീടിനുള്ളിലേക്ക് എത്തിനോക്കിയപ്പോഴാണ് ഡോക്ടർ ഹരികിഷൻ ശർമയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നീട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. 

Tags