ന്യൂനപക്ഷ വിദ്യാര്‍ഥികൾക്കുള്ള സ്കോളർഷിപ്പ് തുകയിൽ ലക്ഷങ്ങളുടെ ക്രമക്കേട് , യുപിയിൽ കോളേജ് പ്രിൻസിപ്പൽ അറസ്റ്റിൽ

money

മൈൻപുരി: ഉത്തർപ്രദേശിലെ മൈൻപുരിയിൽ ന്യൂനപക്ഷ സ്കോളർഷിപ്പ് തുകയിൽ ലക്ഷങ്ങളുടെ ക്രമക്കേട് നടത്തിയ സംഭവത്തിൽ ഇൻ്റർ കോളേജ് പ്രിൻസിപ്പൽ അറസ്റ്റിലായി. മൈൻപുരിയിലെ ബേവാർ ഏരിയയിലുള്ള കെ പി എസ് ഇൻ്റർ കോളേജ് പ്രിൻസിപ്പൽ ശശിഭൂഷൺ സിംഗിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ കോളേജ് മാനേജർ പ്രിയാൻഷു പ്രതാപ് സിങ് നിലവിൽ ഒളിവിലാണ്.

285 വിദ്യാർത്ഥികൾക്കായി അനുവദിച്ച 16.78 ലക്ഷം രൂപയാണ് ഇരുവരും ചേര്‍ന്ന് തട്ടിയെടുത്തത്. 2021-22 അധ്യയന വർഷത്തിൽ സ്കോളർഷിപ്പ് നൽകാനായി ന്യൂനപക്ഷ ക്ഷേമ വകുപ്പ് അനവദിച്ച 16,78,500 രൂപ ഒറ്റ പൈസയില്ലാതെ അടിച്ചുമാറ്റുകയായിരുന്നു.

സ്കോളർഷിപ്പ് കൃത്യമായി വിതരണം ചെയ്തതായി രേഖകൾ ഉണ്ടായിരുന്നു. പക്ഷേ ഗുണഭോക്താക്കളായി കാണിച്ചിരുന്ന കുട്ടികൾ ആ കോളേജിലെ വിദ്യാർത്ഥികളല്ലെന്ന് കണ്ടെത്തി. ഇവരുടേതായി നൽകിയ മൊബൈൽ നമ്പറുകൾ വ്യാജമായിരുന്നു. 2025-ൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ മജിസ്‌ട്രേറ്റ് ഇന്ദ്രമണി ത്രിപാഠിയുടെ നിർദ്ദേശപ്രകാരം ന്യൂനപക്ഷ ക്ഷേമ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

2025 ജൂലൈ 20-ന് ബേവാർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐ ആറിൻ്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച രാത്രി പ്രിൻസിപ്പലിനെ സ്വന്തം വീട്ടിൽ നിന്ന് പോലീസ് പിടികൂടി. ഒളിവിലുള്ള മാനേജർക്കായി തിരച്ചിൽ ഊർജിതമാക്കിയതായി അറിയിച്ചു.

Tags