ഡല്‍ഹിയില്‍ കോളജ് അസിസ്റ്റന്റ് പ്രൊഫസറുടെ കൊലപാതകം ; ദമ്പതികള്‍ അറസ്റ്റില്‍

murder

നാല് സംസ്ഥാനങ്ങളിലായി നടത്തിയ വ്യാപക റെയ്ഡുകള്‍ക്കൊടുവിലാണ് പ്രതികളെ ബംഗാളില്‍ നിന്നും പോലീസ് പിടികൂടിയത്.

ഡല്‍ഹി യൂണിവേഴ്‌സിറ്റിക്ക് കീഴിലെ ശിവാജി കോളേജ് അസിസ്റ്റന്റ് പ്രൊഫസറായ ദേബോസ്മിത പോളിന്റെ കൊലപാതക കേസില്‍ പശ്ചിമ ബംഗാളിലെ ബര്‍ദ്ധമാനില്‍ നിന്നുള്ള ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കിഴക്കന്‍ ഡല്‍ഹിയിലെ വസുന്ധര എന്‍ക്ലേവിലുള്ള സത്യം അപ്പാര്‍ട്ട്‌മെന്റ്‌സിലെ ഫ്‌ലാറ്റില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് ദേബോസ്മിതയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാല് സംസ്ഥാനങ്ങളിലായി നടത്തിയ വ്യാപക റെയ്ഡുകള്‍ക്കൊടുവിലാണ് പ്രതികളെ ബംഗാളില്‍ നിന്നും പോലീസ് പിടികൂടിയത്.


കൊല്ലപ്പെട്ട ദേബോസ്മിത പോളിനെ കാണാനെന്ന വ്യാജേനയാണ് ബര്‍ദ്ധമാന്‍ സ്വദേശികളായ ദമ്പതികള്‍ ഡല്‍ഹിയിലെത്തിയത്. 2022-ല്‍ വിവാഹമോചനം നേടിയ ദേബോസ്മിത ഫ്‌ലാറ്റില്‍ തനിച്ചായിരുന്നു താമസം. ഇവരുടെ ഭര്‍ത്താവ് ബംഗളൂരുവിലാണ്. ബുധനാഴ്ച മാസ്‌ക് ധരിച്ചാണ് പ്രതികള്‍ ദേബോസ്മിതയുടെ ഫ്‌ലാറ്റിലെത്തിയത്. സംശയം തോന്നാതിരിക്കാന്‍ ഇവര്‍ തങ്ങളുടെ കുട്ടിയെയും കൂടെ കരുതിയിരുന്നു. ലിഫ്റ്റിന് പകരം പടവുകള്‍ വഴിയാണ് ഇവര്‍ ആറാം നിലയിലെ ഫ്‌ലാറ്റിലെത്തിയത്.

വീട്ടിലേക്ക് എളുപ്പത്തില്‍ പ്രവേശനം ലഭിച്ച പ്രതികള്‍, തങ്ങള്‍ കൂടെക്കരുതിയ ആയുധം ഉപയോഗിച്ച് ദേബോസ്മിതയെ കൊലപ്പെടുത്തുകയായിരുന്നു. കൃത്യത്തിന് ശേഷം വസ്ത്രം മാറി 30 മിനിറ്റിനകം ഇവര്‍ ഫ്‌ലാറ്റില്‍ നിന്നും പുറത്തുകടന്നു. താഴെ കാത്തുനിന്ന പ്രൈവറ്റ് ക്യാബിലാണ് ഇവര്‍ രക്ഷപ്പെട്ടത്. ദേബോസ്മിതയുടെ ഫോണ്‍ കോളുകള്‍ക്ക് മറുപടി ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് സഹോദരി ദേവാരതി വ്യാഴാഴ്ച ഫ്‌ലാറ്റിലെത്തി വാതില്‍ പൊളിച്ച് അകത്തുകടന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു ഫ്‌ലാറ്റ്. തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും കൈത്തണ്ടയിലെ ഞരമ്പുകള്‍ മുറിച്ച നിലയിലുമായിരുന്നു മൃതദേഹം. എന്നാല്‍ വീട്ടിലെ പണമോ ആഭരണങ്ങളോ നഷ്ടപ്പെടാത്തതിനാല്‍ ഇതൊരു മോഷണശ്രമമല്ലെന്ന് പോലീസ് ആദ്യമേ സ്ഥിരീകരിച്ചിരുന്നു.
തുടര്‍ന്ന് ക്യാബ് ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുകയും, ഫ്‌ലാറ്റിലെത്തിയ 200 പേരില്‍ നിന്ന് 13 പേരെ സംശയം തോന്നി ചോദ്യം ചെയ്തു. ഏഴ് പോലീസ് സംഘങ്ങള്‍ നടത്തിയ കൃത്യമായ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. ദേബോസ്മിതയ്ക്ക് തന്റെ അമ്മവഴിയുള്ള മുത്തശ്ശന്റെ മരണശേഷം പശ്ചിമ ബംഗാളില്‍ കോടികള്‍ വിലമതിക്കുന്ന ഒരു സ്വത്ത് പാരമ്പര്യമായി ലഭിച്ചിരുന്നു. ഈ വീട്ടിലെ വാടകക്കാരായിരുന്നു പിടിയിലായ ദമ്പതികള്‍. ഈ സ്വത്ത് സ്വന്തമാക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നെങ്കിലും ഒഴിഞ്ഞുതരണമെന്ന് ദേബോസ്മിത ഇവരോട് കര്‍ശനമായി ആവശ്യപ്പെട്ടിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ദമ്പതികളെ കൊലപാതക ആസൂത്രണത്തിലേക്ക് നയിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.

Tags