ഉത്തർ പ്രദേശിലെ ഒരു ക്ഷേത്രത്തിലെ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതിനിടെ മുഗൾ കാലഘട്ടത്തിലെ നാണയങ്ങൾ കണ്ടെത്തി

google news
mugal

ലഖ്നൗ: ഉത്തർ പ്രദേശിലെ ഒരു ക്ഷേത്രത്തിലെ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതിനിടെ മുഗൾ കാലഘട്ടത്തിലെ നാണയങ്ങൾ കണ്ടെത്തി. സഹറൻപൂരിലെ ഒരു ക്ഷേത്രത്തില്‍ നിന്നാണ്  400 നാണയങ്ങള്‍ കണ്ടെത്തിയത്. ഹുസൈൻപൂർ ഗ്രാമത്തിലെ സതിധാം ക്ഷേത്രത്തിൽ അതിർത്തി ഭിത്തി കെട്ടുന്നതിനായി മണ്ണ് കുഴിക്കുന്നതിനിടെയാണ് തൊഴിലാളികൾക്ക് നാണയങ്ങൾ കിട്ടിയതെന്ന് പൊലീസ് സൂപ്രണ്ട് സാഗർ ജെയിൻ പറഞ്ഞു.

വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ സ്ഥലത്ത് എത്തിയ പൊലീസ് നാണയങ്ങള്‍ ഏറ്റെടുക്കുകയും പുരുവസ്തു വകുപ്പിലേക്ക് മാറ്റുകയും ചെയ്തു. നാണയങ്ങളിൽ അറബി ഭാഷയിൽ ലിഖിതങ്ങളുണ്ടായിരുന്നു. അവ മുഗൾ കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്നതായും സാഗര്‍ ജെയിൻ അറിയിച്ചു. പുരാവസ്തു വകുപ്പ് നാണയങ്ങൾ പരിശോധിച്ച് അവ നിർമ്മിക്കാൻ ഉപയോഗിച്ച ലോഹം സ്ഥിരീകരിക്കും. കണ്ടെത്തിയ നാണയങ്ങളിൽ ഭൂരിഭാഗവും ഏകദേശം 350 വർഷം പഴക്കമുള്ളതാണെന്ന് കണക്കാക്കപ്പെടുന്നത്.

അതേസമയം ഓരോ നാണയത്തിന്റെയും ഭാരം 11 ഗ്രാമിൽ കൂടുതലാണ്. വിപണിയില്‍ ഓരോ നാണയത്തിനും ഏകദേശം 3,500 രൂപ മൂല്യമുണ്ടെന്ന് റിപ്പോർട്ട്. ഈ വർഷത്തിന്‍റെ തുടക്കത്തിലും സമാനമായ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. മധ്യപ്രദേശിലെ ദാമോ ജില്ലയിൽ ഒരു നിർമ്മാണ പ്രവർത്തനത്തിനിടെ, 14, 15 നൂറ്റാണ്ടുകളുടെ തുടക്കത്തിലുള്ള മുഗൾ കാലഘട്ടത്തിലെ ചതുരാകൃതിയിലുള്ള നിരവധി നാണയങ്ങളാണ് കണ്ടെടുത്തത്. വെള്ളി, ചെമ്പ് എന്നിവ ഉപയോഗിച്ച് നിർമ്മിച്ച നാണയങ്ങൾ പലതും അന്ന് ഗ്രാമവാസികൾ വീടുകളിലേക്ക് കൊണ്ട് പോയിരുന്നു.

പുരാവസ്തു വകുപ്പിലെ വിദഗ്ധരുടെ പ്രാഥമിക വിലയിരുത്തലിൽ ഇവ മുഗൾ കാലഘട്ടത്തിലെ ‘മോഹറുകൾ’(നാണയങ്ങൾ) ആണെന്ന് കൂട്ടിച്ചേർത്തു. അതേസമയം, ഈ വര്‍ഷമാദ്യം തന്നെ രാഷ്ട്രപതി ഭവനിലെ ചരിത്ര പ്രസിദ്ധമായ മു​ഗൾ ​ഗാർഡന്റെ പേരുമാറ്റിയിരുന്നു. അമൃത് ഉദ്യാൻ എന്ന പേരിലാണ് ഇപ്പോള്‍ മുഗള്‍ ഗാര്‍ഡൻ അറിയപ്പെടുന്നത്.  രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75 വർഷം 'ആസാദി കാ അമൃത് മഹോത്സവ്' ആയി ആഘോഷിക്കുന്ന വേളയിലാണ് രാഷ്ട്രപതി ഭവൻ മു​ഗൾ ​ഗാർഡന്റെ പേരുമാറ്റിയത്.  

Tags