അലഹാബാദ്: വാണിജ്യപരമായ ആവശ്യങ്ങൾക്കായി തേങ്ങയെ എണ്ണക്കുരുവായി കണക്കാക്കണമെന്ന് അലഹാബാദ് ഹൈക്കോടതി വ്യക്തമാക്കി. ഗാസിയാബാദ് ആസ്ഥാനമായുള്ള എം/എസ് ത്രീ സ്റ്റാർ ഫ്രൂട്ട് കമ്പനി സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിർണ്ണായക ഉത്തരവ്.സാഹിബാബാദിലെ പുതിയ പഴം - പച്ചക്കറി മാർക്കറ്റിൽ പച്ചത്തേങ്ങ വിൽക്കാൻ അനുമതി തേടിയായിരുന്നു കമ്പനി കോടതിയെ സമീപിച്ചത്.
1964-ലെ കാർഷിക ഉൽപന്ന വിപണി നിയമപ്രകാരം തേങ്ങയെ എണ്ണക്കുരുവായി തരംതിരിച്ചിരിക്കുന്നത് ചോദ്യം ചെയ്തായിരുന്നു ഹർജി. തേങ്ങ സസ്യശാസ്ത്രപരമായി ഒരു പഴമാണെന്നും അതിനാൽ പഴം, പച്ചക്കറി വിപണിയിൽ വിൽക്കാൻ അനുവദിക്കണമെന്നുമാണ് ഹർജിക്കാർ വാദിച്ചത്.എന്നാൽ 1995 ജനുവരി 30-ലെ ഭേദഗതിയിലൂടെ തേങ്ങയെ കാർഷിക എണ്ണക്കുരുക്കളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി സർക്കാർ ഹർജിയെ എതിർത്തു. സർക്കാരിന്റെ വാദം ശരിവച്ച കോടതി, തേങ്ങയെ എണ്ണക്കുരുവായി തന്നെ പരിഗണിക്കണമെന്ന് നിർദേശിക്കുകയായിരുന്നു.