പുതിയ അക്കൗണ്ടുമായി കോക്രോച്ച് പാർട്ടി; കുതിച്ചുയർന്ന് ഫോളോവേഴ്സ്

Cockroach Janata Party's X-account banned in India


ന്യൂഡൽഹി: യുവാക്കൾക്കെതിരേ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ച് രൂപംകൊണ്ട ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് മരവിപ്പിച്ചത് രാഷ്ട്രീയവൃത്തങ്ങളിൽ പുതിയ ചർച്ചയ്ക്ക് തിരികൊളുത്തി.രൂപംകൊണ്ട് ഒരാഴ്ച തികയുമ്പോൾ ബി.ജെ.പി.യുടെ അക്കൗണ്ടിനെക്കാൾ ഫോളോവേഴ്സിനെ സ്വന്തമാക്കി എന്ന് പ്രഖ്യാപിച്ചതിനുപിന്നാലെയാണ് വ്യാഴാഴ്ച സി.ജെ.പി.യുടെ ഇൻസ്റ്റ അക്കൗണ്ട് മരവിപ്പിച്ചത്.

‘പ്രതീക്ഷിച്ചതുപോലെ കോക്രോച്ച് ജനതാപാർട്ടിയുടെ അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ചു’വെന്ന് ഇതിന് രൂപംനൽകിയ അഭിജിത് ദീപ്കെ സ്വന്തം എക്സ് അക്കൗണ്ടിൽ കുറിച്ചു. പിന്നാലെ, ‘പാറ്റകൾ തിരിച്ചെത്തി’ (കോക്രോച്ചസ് ഈസ് ബാക്ക്) എന്ന പേരിൽ എക്സിൽ പുതിയ അക്കൗണ്ടുണ്ടാക്കി.

വ്യാഴാഴ്ച രാത്രിയോടെ എക്സിലെ ഈ അക്കൗണ്ടിന് 65,000 ത്തിലേറെ ഫോളോവേഴ്സായി. ‘ഞങ്ങളെ ഒഴിവാക്കാമെന്നു കരുതിയോ?’ എന്ന പ്രതികരണവും കൂടെയുണ്ട്. പാറ്റകൾ മരിക്കുന്നില്ല എന്ന അടിക്കുറിപ്പും കൂടെയുണ്ട്.

തൃണമൂൽ നേതാക്കളായ മഹുവ മൊയ്‌ത്ര, കീർത്തി ആസാദ് തുടങ്ങിയവർ നേരത്തേ സി.ജെ.പി.ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. പുതിയ അക്കൗണ്ട് പിന്തുടരണമെന്നും സർക്കാരിന്റെ അക്കൗണ്ടുകൾ അൺ‌ഫോളോ ചെയ്യണമെന്നും സാമൂഹിക പ്രവർത്തകൻ യോഗേന്ദ്ര യാദവ് വീഡിയോ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു. സി.ജെ.പി.യുടെ അക്കൗണ്ട് നീക്കിയതിലൂടെ സർക്കാരിന്റെ പൊള്ളത്തരം വെളിച്ചത്തായെന്നും അദ്ദേഹം പറഞ്ഞു. പ്രശാന്ത് ഭൂഷൺ, അഞ്ജലി ഭരദ്വാജ് തുടങ്ങിയവരും സി.ജെ.പി.ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച ഒരു കോടതി വാദത്തിനിടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ വിവാദ പരാമർശങ്ങൾക്കുള്ള പരിഹാസ രൂപേണയുള്ള മറുപടിയായാണ് 'കോക്രോച്ച് ജനത പാർട്ടി' എന്ന പേര് രൂപപ്പെട്ടത്. തൊഴിലില്ലാത്ത ചില യുവാക്കളെയും ഓൺലൈൻ ആക്ടിവിസ്റ്റുകളെയും പരാമർശിക്കവേ ചീഫ് ജസ്റ്റിസ് അവരെ 'പാറ്റകൾ' (cockroaches), 'പരാദങ്ങൾ' (parasites) എന്നിവയോട് ഉപമിച്ചത് സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധങ്ങൾക്ക് ഇടവെച്ചിരുന്നു.

Tags