കോക്രോച്ച് ജനതാ പാർട്ടി രജിസ്ട്രേഷൻ: തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് അഭിഭാഷകൻ

Cockroach Janata Party's X-account banned in India


ഹരിയാണ: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) എന്ന ഓൺലൈൻ കൂട്ടായ്മയെ രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് അഭിഭാഷകൻ. ഹരിയാണയിലെ പാനിപ്പത്തിൽനിന്നുള്ള അഭിഭാഷകൻ സുധീർ ജാഖർ ആണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നൽകിയിരിക്കുന്നത്.


പാർട്ടിയുടെ സ്ഥാപകനായ അഭിജിത് ദിപ്‌കെയിൽ നിന്ന് സ്വതന്ത്രമായി തന്റെ പേരിൽ പാർട്ടി രജിസ്റ്റർ ചെയ്യാനാണ് ജാഖർ കമ്മീഷന് നൽകിയ അപേക്ഷയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 29A പ്രകാരം നൽകിയ അപേക്ഷയിൽ പാർട്ടിയുടെ ദേശീയ കൺവീനർ ആയിട്ടാണ് അദ്ദേഹം സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്.

തൊഴിലില്ലാത്ത യുവാക്കളെ 'പാറ്റകൾ' എന്ന് വിശേഷിപ്പിച്ച സുപ്രീം കോടതി ജഡ്ജിയുടെ പരാമർശത്തിൽ പ്രതിഷേധിച്ചാണ് ഈ മാസം ആദ്യം ഈ കൂട്ടായ്മ രൂപം കൊണ്ടത്. വളരെ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽതന്നെ ഇൻസ്റ്റാഗ്രാമിൽ ബിജെപിയേക്കാൾ കൂടുതൽ ഫോളോവേഴ്‌സിനെ സ്വന്തമാക്കിയ സിജെപി രാജ്യത്തെ ഏറ്റവും വേഗത്തിൽ വളരുന്ന ഓൺലൈൻ ട്രെൻഡുകളിൽ ഒന്നായി മാറിയിരുന്നു. ലക്ഷക്കണക്കിന് യുവാക്കൾ ഇതിനകം തന്നെ ഓൺലൈൻ മെമ്പർഷിപ്പ് ഫോമുകൾ വഴി ഈ പാർട്ടിയിൽ അംഗത്വമെടുത്തു കഴിഞ്ഞു.

അമേരിക്കയിലെ ബോസ്റ്റൺ സർവ്വകലാശാലയിൽ ഉപരിപഠനം നടത്തുന്ന അഭിജിത് ദിപ്‌കെയാണ് സിജെപിയുടെ സ്ഥാപകൻ. അദ്ദേഹത്തോട് ഇന്ത്യയിലേക്ക് മടങ്ങിവരാൻ തങ്ങൾ ആവശ്യപ്പെട്ടുവെങ്കിലും അദ്ദേഹം അത് നിരസിച്ചതായി ജാഖർ അവകാശപ്പെടുന്നു. ഈ സാഹചര്യത്തിൽ, യുവാക്കളുടെ ഇടയിലുള്ള ഈ വലിയ രോഷവും മുന്നേറ്റവും മറ്റാരെങ്കിലും ദുരുപയോഗം ചെയ്യാതിരിക്കാനാണ് തങ്ങൾതന്നെ മുന്നോട്ടുവന്ന് പാർട്ടി രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ ഈ മൂവ്‌മെന്റ് ഒരു ഗൗരവമുള്ള രാഷ്ട്രീയ പാർട്ടിയായി മാറേണ്ടതുണ്ടെന്നും ജാഖർ കൂട്ടിച്ചേർത്തു.

Tags