പ്രക്ഷോഭകർക്ക് നേരെ വിവിധ സംസ്ഥാനങ്ങളിൽ പൊലീസ് നടപടികൾ തുടരുന്നതായി കോക്രോച്ച് ജനതാ പാർട്ടി
രാജ്യവ്യാപകമായ പ്രതിഷേധങ്ങൾ പിൻവലിച്ചതിന് പിന്നാലെ പ്രക്ഷോഭകർക്ക് നേരെ വിവിധ സംസ്ഥാനങ്ങളിൽ പൊലീസ് നടപടികൾ തുടരുന്നതായി കോക്രോച്ച് ജനതാ പാർട്ടി. അസം, പശ്ചിമ ബംഗാൾ, ബിഹാർ എന്നിവിടങ്ങളിൽ വിദ്യാർഥികളെയും പ്രക്ഷോഭകരെയും ലക്ഷ്യമിട്ട് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നത് അതീവ ഗൗരവകരമാണെന്ന് പാർട്ടി വക്താവ് സൗരവ് ദാസ് പ്രസ്താവനയിൽ വ്യക്തമാക്കി.
ബിജെപി അല്ലെങ്കിൽ എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പ്രതിഷേധക്കാർക്കെതിരെ ശിക്ഷാനടപടികളൊന്നും ഉണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ നൽകിയ ഉറപ്പിന്റെ നഗ്നമായ ലംഘനമാണ് ഇപ്പോൾ നടക്കുന്നതെന്ന് സിജെപി ആരോപിച്ചു. ജെ.പി. നഡ്ഡയും ഡോ. ജിതേന്ദ്ര സിങും നൽകിയ ഉറപ്പുകൾ എത്രയും വേഗം പാലിക്കണമെന്നും തടവിലാക്കപ്പെട്ടവരെ ഉടൻ മോചിപ്പിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.
പ്രക്ഷോഭകർക്കെതിരെയുള്ള എഫ്ഐആറുകൾ പിൻവലിക്കണമെന്നും പ്രതികാര നടപടികൾ അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നും സിജെപി ആവശ്യപ്പെട്ടു. സർക്കാർ നൽകിയ ഉറപ്പുകൾ വിശ്വസിച്ച് നല്ല ഉദ്ദേശ്യത്തോടെയാണ് പ്രക്ഷോഭം നിർത്തിവെക്കാൻ തീരുമാനിച്ചതെന്നും, എന്നാൽ ഈ ഉറപ്പുകളിൽ നിന്നുള്ള പിന്മാറ്റം ലക്ഷക്കണക്കിന് ഇന്ത്യൻ യുവാക്കളോടുള്ള വിശ്വാസവഞ്ചനയായിരിക്കുമെന്നും പാർട്ടി മുന്നറിയിപ്പ് നൽകി.
അറസ്റ്റിലായവർക്ക് എല്ലാവിധ നിയമസഹായവും നൽകാൻ പാർട്ടിയുടെ നിയമവിഭാഗം സജ്ജമാണെന്നും പ്രമുഖ അഭിഭാഷകരുമായി ഏകോപനം നടത്തി മോചനത്തിനായി പരിശ്രമിക്കുന്നുണ്ടെന്നും വക്താക്കൾ അറിയിച്ചു. വിഷയത്തിൽ ഉറപ്പുകൾ രേഖാമൂലം സമർപ്പിക്കാനുള്ള സമയം ചൊവ്വാഴ്ച അവസാനിക്കാനിരിക്കെ, തടവിലാക്കപ്പെട്ടവരെ വിട്ടയക്കുകയും എഫ്ഐആറുകൾ പിൻവലിക്കുകയും ചെയ്തില്ലെങ്കിൽ അടുത്ത ഘട്ട പ്രക്ഷോഭത്തിലേക്ക് കടക്കേണ്ടി വരുമെന്നും സിജെപി കേന്ദ്ര സർക്കാരിനെ ഓർമ്മിപ്പിച്ചു.
.jpg)

