ജുഡീഷ്യൽ കസ്റ്റഡി നീട്ടിയതിനെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ച് കോക്‌റോച്ച് ജനതാ പാർട്ടി നേതാക്കൾ

Cockroach Janata Party leaders approach Delhi High Court against extension of judicial custody

ന്യൂഡൽഹി: ജന്തർ മന്തറിൽ നിരോധനാജ്ഞ ലംഘിച്ച് ദേശീയ പതാക ഉയർത്താൻ ശ്രമിച്ച കേസിൽ തങ്ങളുടെ ജുഡീഷ്യൽ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടിയ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരെ കോക്‌റോച്ച് ജനതാ പാർട്ടി (സി.ജെ.പി.) നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഹർജിയിൽ അടിയന്തരമായി വാദം കേൾക്കണമെന്ന് നേതാക്കൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.

നേരത്തെ സമാധാന ഉടമ്പടിയിൽ ഒപ്പുവെച്ചതിന് ശേഷവും നിരോധിത മേഖലയായ ജന്തർ മന്തറിൽ പ്രവേശിച്ച് സമരം നടത്താൻ ശ്രമിച്ചതിലൂടെ മുൻ വ്യവസ്ഥകൾ ലംഘിച്ചെന്നാണ് ഇവർക്കെതിരെയുള്ള പ്രധാന ആരോപണം. ഒക്ടോബർ 14-ന് എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് മഹേഷ് കുമാർ മീണ ഇവരെ അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. തുടർന്ന് ഒക്ടോബർ 19-ന് കേസ് പരിഗണിച്ച സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് റിതു രാജ് ഇവരുടെ കസ്റ്റഡി കാലാവധി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി ഉത്തരവിടുകയായിരുന്നു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ഡൽഹിയിൽ പ്രഖ്യാപിച്ച പ്രതിഷേധങ്ങൾക്ക് മുന്നോടിയായി ഒക്ടോബർ 10-ന് എയർപോർട്ടിൽ വെച്ചാണ് ഇവരെ പോലീസ് ആദ്യം കസ്റ്റഡിയിലെടുത്തത്. അന്ന് 50,000 രൂപയുടെ ബോണ്ടിൽ വിട്ടയച്ചെങ്കിലും, ഒക്ടോബർ 14-ന് ജന്തർ മന്തറിൽ 'തിരംഗ സമരം' നടത്താൻ ശ്രമിച്ചതോടെ വീണ്ടും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവർ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിച്ചതായും സമരം ആവർത്തിക്കില്ലെന്ന ഉറപ്പ് വിശ്വസനീയമല്ലെന്നും സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് നിരീക്ഷിച്ചു. ജാമ്യത്തിനായി ഹാജരാക്കിയ രേഖകളിൽ പൊരുത്തക്കേടുകൾ ഉള്ളതിനാൽ പുതിയ ജാമ്യക്കാരെ ഹാജരാക്കാനും കോടതി നിർദ്ദേശിച്ചിരുന്നു. ഈ നടപടികൾ ചോദ്യം ചെയ്താണ് നേതാക്കൾ ഇപ്പോൾ ഹൈക്കോടതിയിൽ എത്തിയത്.

Tags