‘ഞങ്ങളെ തീവ്രവാദികളെന്ന് വിളിക്കാൻ നിങ്ങൾക്ക് നാണമില്ലേ?’ : വിദ്യാഭ്യാസ മന്ത്രിക്കെതിരെ ആഞ്ഞടിച്ച് കോക്രോച്ച് ജനതാ പാർട്ടി

Cockroach Janata Party's X-account banned in India

 ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകൾക്കും ചോദ്യപേപ്പർ ചോർച്ചക്കുമെതിരെ ഡൽഹി ജന്തർ മന്തറിൽ അഞ്ചാം ദിവസവും തുടരുന്ന കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധം ശക്തമാകുന്നു. പാർട്ടിയുടെ എക്സ് അക്കൗണ്ട് ബ്ലോക്ക് ചെയ്ത സംഭവത്തിൽ ഐ.ടി മന്ത്രാലയത്തിന്റെ വിശദീകരണം തേടി സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് മുമ്പിൽ ഹാജരായി. എന്നാൽ ഉത്തരവിന് പിന്നിലെ കാരണം രഹസ്യാത്മകതയാണെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥർ വെളിപ്പെടുത്താൻ തയാറായില്ല.

എല്ലാ കാര്യങ്ങളും രഹസ്യമാക്കിവെക്കുന്ന സർക്കാർ നയത്തെ ദിപ്കെ പരിഹസിച്ചു. ‘നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പറും ഇങ്ങനെ രഹസ്യമായി സൂക്ഷിക്കാമായിരുന്നു. അത് ചോർന്നത് കൊണ്ടല്ലേ ഇത്രയധികം വിദ്യാർഥികൾ ആത്മഹത്യ ചെയ്തത്’ - ദിപ്കെ ചോദിച്ചു. പാക്കിസ്താനിൽ നിന്നുള്ള ഉപയോക്താക്കൾ സി.ജെ.പിയുടെ അക്കൗണ്ടുകൾ പിന്തുടരുന്നുവെന്നാരോപിച്ചാണ് എക്സ് അക്കൗണ്ട് ബ്ലോക്ക് ചെയ്തതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

സി.ജെ.പിയെ 'തീവ്രവാദികളുടെ ബി-ടീം' എന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ വിശേഷിപ്പിച്ചിരുന്നു. ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് ദിപ്കെ പ്രതികരിച്ചത്. ‘ഞങ്ങൾ വോട്ടല്ല ചോദിക്കുന്നത്, നീതിയാണ്. നികുതിദായകരായ പൗരന്മാരായ ഞങ്ങളെ തീവ്രവാദികളെന്ന് വിളിക്കാൻ നിങ്ങൾക്ക് നാണമില്ലേ? കർഷകരെയും ഡോക്ടർമാരെയും വരെ നിങ്ങൾ തീവ്രവാദികളെന്ന് വിളിച്ചു. ഇനി ആരാണ് ബാക്കിയുള്ളത്?’- ദിപ്കെ ചോദിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ദീപ്കെ ആഞ്ഞടിച്ചു. റഷ്യ-യുക്രെയ്ൻ യുദ്ധം വരെ അവസാനിപ്പിച്ചെന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രിക്ക് രാജ്യത്തെ പരീക്ഷാ പേപ്പർ ചോർച്ച തടയാൻ കഴിയുന്നില്ലേയെന്ന് അദ്ദേഹം പരിഹസിച്ചു. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കാതെ ചർച്ചകൾക്കില്ലെന്നും ദിപ്കെ വ്യക്തമാക്കി.

കോൺഗ്രസ് നേതാവ് ജയറാം രമേശ് സി.ജെ.പിയുടെ വിഷയങ്ങളെ പിന്തുണച്ച് രംഗത്തെത്തിയിരുന്നെങ്കിലും തങ്ങൾ വോട്ടിനോ രാഷ്ട്രീയ റാലികൾക്കോ വേണ്ടിയല്ല ഇവിടെ നിൽക്കുന്നതെന്നും നീതി ലഭിക്കാനാണെന്നും ദിപ്കെ ആവർത്തിച്ചു. പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സർക്കാർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് സി.ജെ.പി.

മെയ് 16ന് തൊഴിൽരഹിതരായ യുവാക്കളെ 'പാറ്റകളോട്' ഉപമിച്ചുവെന്നാരോപിക്കപ്പെട്ട ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് 'കോക്രോച്ച് ജനതാ പാർട്ടി' രൂപപ്പെട്ടത്. ചുരുങ്ങിയ ദിവസം ​കൊണ്ട് സമൂഹമാധ്യമങ്ങളിൽ ജനശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇതിനുശേഷം മെയ് 21നാണ് പാർട്ടിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ട് ഇന്ത്യയിൽ ബ്ലോക്ക് ചെയ്യപ്പെട്ടത്.

Tags