'യുവാക്കൾ പാറ്റയെ പിന്തുടരുന്ന അവസ്ഥയുണ്ടാകും' : മാധ്യമങ്ങളുടെ വാർത്താശൈലിക്കെതിരെ രൂക്ഷവിമർശനവുമായി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ
കോട്ടയം: മാധ്യമങ്ങളുടെ വാർത്താശൈലിക്കെതിരെ രൂക്ഷവിമർശനവുമായി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ. ക്രിയാത്മകമായ വാർത്തകൾക്ക് പ്രാധാന്യം നൽകിയില്ലെങ്കിൽ യുവാക്കൾ 'പാറ്റയെ' പിന്തുടരുന്ന അവസ്ഥയുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. കോട്ടയത്ത് ദീപിക ദിനപത്രത്തിന്റെ 140-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിന് താൻ എതിരല്ലെന്നും എന്നാൽ കാലഹരണപ്പെട്ടുപോകുന്ന വിഷയങ്ങൾക്ക് അമിത പ്രാധാന്യം നൽകുന്ന പ്രവണത ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈയിടെയായി ഉയർന്നുവന്ന 'കോക്രോച്ച് ജനതാ പാർട്ടി' (സി.ജെ.പി) എന്ന ഹാസ്യരൂപത്തിലുള്ള പ്ലാറ്റ്‌ഫോമിനെ പരോക്ഷമായി പരാമർശിച്ചുകൊണ്ടായിരുന്നു വിമർശനം. "ക്രിയാത്മകമായ വാർത്തകൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യണം. എങ്കിൽ മാത്രമേ യുവാക്കൾക്ക് ശരിയായ വിവരങ്ങൾ ലഭിക്കുകയുള്ളൂ. അല്ലാത്തപക്ഷം, അവർ വഴിതെറ്റി ഇത്തരം കാര്യങ്ങൾക്ക് പിന്നാലെ പോകും," രാധാകൃഷ്ണൻ പറഞ്ഞു.
എന്നാൽ ഉപരാഷ്ട്രപതിയുടെ പ്രസ്താവന തൊഴിലില്ലായ്മയും വിദ്യാഭ്യാസ പ്രതിസന്ധിയും നേരിടുന്ന യുവതലമുറയോടുള്ള നിരുത്തരവാദപരമായ സമീപനമാണെന്ന ആക്ഷേപം ശക്തമാണ്. സാമൂഹിക മാധ്യമങ്ങളിലെ ഇത്തരം ട്രോളുകളും ഹാസ്യരൂപത്തിലുള്ള പ്രതിഷേധങ്ങളും ഭരണകൂടത്തിന്റെ വീഴ്ചകൾക്കെതിരെയുള്ള ജനാധിപത്യപരമായ വികാരപ്രകടനങ്ങളാണെന്നും, അതിനെ നിസ്സാരവൽക്കരിക്കുന്നത് ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാൾക്ക് ചേർന്നതല്ലെന്നും വിമർശകർ പറയുന്നു.
.jpg)

